ബംഗാളിലെ ഫാൽതയിലെ എല്ലാ ബൂത്തുകളിലും 21ന് റീപോളിങ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽതാ മണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. മേയ് 21നാണ് റീപോളിങ്. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും റീപോളിങ് നടക്കും. 24ന് വോട്ടെണ്ണും. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 29നാണ് ഫാൽതായിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി പരാതി ഉയരുകയായിരുന്നു. ഇത് പരിശോധിച്ച കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അട്ടിമറി നടന്നതായി വിലയിരുത്തിയാണ് വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടത്.
ഗുരുതരമായ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളും അട്ടിമറിയും ശ്രദ്ധയിൽപ്പെട്ടതിനാലാണ് റീപോളിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിങ് നടന്നിരുന്നു. മഗ്രഹാത്ത് വെസ്റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. എല്ലാം സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബൂത്തുകളാണ്. ഏപ്രിൽ 29ന് രണ്ടാം ഘട്ടത്തിൽ നടന്ന വോട്ടിങ്ങിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു റീപോളിങ്.
ഫാൽതായിൽ ബി.ജെ.പി ഒരിക്കലും വിജയിക്കില്ലെന്ന് തൃണമൂൽ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജി പറഞ്ഞു. ഫാൽതായിൽ വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടന്നതായി ബി.ജെ.പി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് നടത്തിയത്. എന്നാൽ ആരോപണം നിഷേധിച്ച് തൃണമൂൽ, സീറ്റ് നഷ്ടപ്പെടുമെന്നതിനാൽ ബി.ജെ.പി വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ആരോപിച്ചു.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ, മഗ്രഹാത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നുവെന്ന പരാതിയെത്തുടർന്ന് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ റീപോളിങ് നടന്ന സ്ഥലങ്ങളിൽ ടി.എം.സി - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയെത്തുടർന്ന് ഫാൽതായിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. രണ്ട് ഘട്ടത്തിലുമായി ആകെ 92.47 ശതമാനമാണ് പോളിങ്.
കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ സുപ്രിം കോടതി ഇന്നലെ ഇടപെടാൻ വിസമ്മതിച്ചു. കേന്ദ്ര ഉദ്യോഗസ്ഥരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ തെറ്റില്ലെന്നും നിയമപരമാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാർക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാകില്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. കൗണ്ടിങ് ഏജന്റുമാരും സ്ഥാനാർഥികളും ഉൾപ്പെടെയുള്ളവർ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

