Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാഷാ ഭീകരതയുമായി...

ഭാഷാ ഭീകരതയുമായി ബി.ജെ.പി സർക്കാർ; ഡൽഹിയിലും ഒഡിഷയിലും ബംഗാളി മുസ്‍ലിംകൾക്ക് നിയമവിരുദ്ധ കസ്റ്റഡിയും പീഡനവും

text_fields
bookmark_border
ഭാഷാ ഭീകരതയുമായി ബി.ജെ.പി സർക്കാർ; ഡൽഹിയിലും ഒഡിഷയിലും ബംഗാളി മുസ്‍ലിംകൾക്ക് നിയമവിരുദ്ധ കസ്റ്റഡിയും പീഡനവും
cancel

ന്യൂഡൽഹി: ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നുവെന്ന് രാജ്യത്തെ ആക്ടിവിസ്റ്റുകൾ.

നിരവധി മുസ്‍ലിം കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്തിരുന്ന ഒരു ഫാക്ടറിയിൽ ഡൽഹി പൊലീസിന്റെ ഒരു സംഘം റെയ്ഡ് നടത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് വ്യാജമായി ആരോപിച്ച് അവരെ പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചു.

ബംഗാളി സംസാരിക്കുന്നതിന്റെ പേരില്‍ അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന് ആരോപിച്ച് ഒഡിഷയിലെ ഝാര്‍സുഗുഡ ജില്ലയില്‍ 23ഓളം പശ്ചിമ ബംഗാള്‍ സ്വദേശികളെ പൊലീസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ താമസക്കാരായ മുസ്‍ലിംകളെയാണ് ബംഗാളി സംസാരിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പശ്ചിമബംഗാളില്‍നിന്ന് തൊഴിലാവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒഡിഷയില്‍ താമസിക്കുന്ന മുസ്‍ലിംകള്‍ക്കാണ് ബി.ജെ.പി ഒഡിഷ ഭരണത്തില്‍ എത്തിയ നാള്‍തൊട്ട് ഇത്തരത്തിലുള്ള വിവേചനം നേരിടേണ്ടി വരുന്നതെന്ന് പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള എം.പി. മഹുവാ മൊയ്ത്ര വ്യക്തമാക്കി. നവീന്‍ പട്‌നായ്ക് ഭരണത്തിലിരുന്ന മുപ്പത് കൊല്ലം ഇത്തരമൊരു അനീതി ഉണ്ടായിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരും തന്റെ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും മഹുവാ മൊയ്ത്ര ഒഡിഷ പോലീസിന് കൈമാറി. ഭാഷാ-മത സ്വത്വങ്ങള്‍ ഉപയോഗപ്പെടുത്തി സാധാരണക്കാര്‍ക്ക് നേരെ ഭീകരത വിതറുന്ന സംഘപരിവാര്‍ നടപടി ജനങ്ങളെ തമ്മിലടിപ്പിക്കുവാനും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും മാത്രമേ സഹായിക്കുകയുള്ളൂവെന്ന് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പു നൽകുന്നു.

ജൂൺ 25 ന് ഹരിയാനയിലെ ജജ്ജാറിലെ ഒരു ഇഷ്ടിക കെട്ടിടത്തിൽനിന്ന് ഡൽഹി പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. ഏഴു പേരും ബംഗ്ലാ സംസാരിക്കുന്ന മുസ്‍ലിം കുടിയേറ്റ തൊഴിലാളികളായിരുന്നു. 11 വയസ്സും 6 വയസ്സും പ്രായമുള്ള പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് അവർ കത്ത് നൽകി.

തന്റെ ഭർത്താവും മറ്റുള്ളവരും ജോലി ചെയ്തിരുന്ന ഇഷ്ടിക ഫാക്ടറിയിൽ പൊലീസ് എത്തിയിരുന്നു. ചില രേഖകൾ പരിശോധിക്കാൻ മാത്രമാണ് ഇവിടെയുള്ളതെന്നും തുടർന്ന് അവരെ വിട്ടയക്കുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. തുടർന്ന് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ തടങ്കലിൽ വെച്ചുവെന്നും അറസ്റ്റിലായവരിൽ ഒരാളുടെ ഭാര്യ പറഞ്ഞതായി മക്തൂബ് മീഡിയ പുറത്തുവിട്ടു. എല്ലാ തൊഴിലാളികളും ജോലിക്കായി പശ്ചിമ ബംഗാളിൽ നിന്ന് കുടിയേറിയവരാണ്. എന്റെ കുട്ടികളെ പരിപാലിക്കാൻ ഞാൻ ഇവിടെ തന്നെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റായ കിരിതി റോയി ഇതിന്റെ വിശദാംശങ്ങൾ മക്തൂബിനോട് പങ്കുവെച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്രപരമായ കരാറിനെത്തുടർന്ന് 2015ൽ ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ എൻക്ലേവുകളിൽ നിന്ന് തിരിച്ചയച്ചവരിലെ ഒരു കൂട്ടം ആളുകളാണ് കസ്റ്റഡയിൽ എടുക്കപ്പെട്ടവരെന്ന് അവർ പറഞ്ഞു.

‘1947ലെ വിഭജനത്തിനുശേഷം പാകിസ്താനിൽ ഇന്ത്യയുടെ ഭൂമിയും ഇന്ത്യയിൽ പാകിസ്താൻ ഭൂമിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് 1974ൽ ബംഗ്ലാദേശ് രൂപീകരിച്ചപ്പോൾ അക്കാലത്തെ സർക്കാറുകൾക്കിടയിൽ ഒരു കരാർ ഉണ്ടാക്കി. എന്നാൽ, ഇന്ത്യാ സർക്കാർ കരാർ നടപ്പിലാക്കാത്തതിനാൽ സ്ഥിതി സങ്കീർണ്ണമായി.

2014ൽ, ഈ ഭൂമി തർക്കം പരിഹരിക്കണമെന്ന് സെക്രട്ടറി തലത്തിൽ ഒരു ചർച്ച നടന്നു. 2015ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ ​ശൈഖ് ഹസീനയും നരേന്ദ്ര മോദിയും തമ്മിൽ ‘ഭൂ അതിർത്തി കരാർ’ എന്ന പേരിൽ ഒരു കരാർ ഉണ്ടാക്കിയെന്നും റോയ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് 17,160.63 ഏക്കർ വരുന്ന 111 എൻക്ലേവുകൾ കൈമാറാൻ സഹായിച്ച ഒരു ചരിത്ര കരാറായിരുന്നു ഭൂ അതിർത്തി കരാർ. നേരെമറിച്ച്, ഇന്ത്യക്ക് 51 എൻക്ലേവുകൾ ആണ് ലഭിച്ചത്. അതിൽ 7,110.02 ഏക്കർ ബംഗ്ലാദേശിലായിരുന്നു.

ഈ ചരിത്ര കരാറിന് മുമ്പ്, 2011ൽ ഇന്ത്യയിലെ മൻമോഹൻ സിങ്ങും ബംഗ്ലാദേശിലെ ശൈഖ് ഹസീനയും തമ്മിൽ ഒപ്പുവച്ച പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യക്ക് ബംഗ്ലാദേശിൽ നിന്ന് 2,777.038 ഏക്കർ ഭൂമി നേടാനും 2,267.682 ഏക്കർ ഭൂമി ബംഗ്ലാദേശിന് കൈമാറാനും ധാരണയായി. ഈ പ്രോട്ടോക്കോൾ അസം, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെ ഉണ്ടാക്കിയതാണെങ്കിലും പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല.

എന്നാൽ, 2015 ലെ എൽ‌.ബി‌.എ കരാർ പ്രകാരം മുൻ ബംഗ്ലാദേശി എൻക്ലേവുകളിൽ താമസിച്ചിരുന്ന ഏകദേശം 14,000 ആളുകൾ ഇന്ത്യൻ പൗരന്മാരായി. അതേസമയം, മുൻ ഇന്ത്യൻ എൻക്ലേവുകളിൽ താമസിച്ചിരുന്ന 36,000 ആളുകൾ ബംഗ്ലാദേശി പൗരന്മാരുമായി. ബംഗ്ലാദേശിലെ ഇന്ത്യൻ എൻക്ലേവിലുണ്ടായിരുന്ന ആളുകളെ ഇവിടേക്കു കൊണ്ടുവന്നു. ഇന്ത്യൻ ഹൈക്കമീഷനാണ് ചെയ്തത്. അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ജോലി അന്വേഷിച്ച് പലയിടങ്ങളിൽ കുടിയേറുന്നവർ എല്ലാം ആ സെറ്റിൽമെന്റ് ക്യാമ്പിൽ പെട്ടവരായിരുന്നുവെന്നും റോയ് കൂട്ടിച്ചേർത്തു.

അങ്ങനെ വന്ന ജനങ്ങൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതൊന്നും നൽകിയില്ല. ഇതുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ അവർ നിർബന്ധിതരാകുന്നു.

മനുഷ്യാവകാശ കമീഷന് അയച്ച കത്തിൽ, ഡൽഹി പൊലീസ് തൊഴിലാളികൾക്കെതിരെ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ കിരിത റോയ് ചൂണ്ടിക്കാണിക്കുകയും പുരുഷന്മാർ ശാരീരിക പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

കസ്റ്റഡിയിലിരിക്കെ ജാഹിറുൾ മിയ എന്ന തൊഴിലാളിയെ കഠിനമായ ശാരീരിക പീഡനത്തിന് വിധേയനാക്കി. മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കൈപ്പത്തികളിലും കാലുകളിലും അടിച്ചു. രണ്ട് ദിവസത്തിന് ശേഷം തളർന്ന അവസ്ഥയിൽ യാതൊരു വസ്തുവകകളും ഇല്ലാതെ അദ്ദേഹത്തെ വിട്ടയച്ചുവെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengaliHuman rights violationsdetentionBangladeshismuslim discriminationLanguage discriminationdelhi police
News Summary - Bengali-speaking Muslims labelled as Bangladeshis, illegally detained and tortured by Police, allege activists
Next Story