‘അന്ന് ബി.ജെ.പിയിൽ ചേർന്നത് വലിയ തെറ്റ്’; നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ
text_fieldsപർണോ മിത്ര
കൊൽക്കത്ത: ബംഗാളി നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സംസ്ഥാന ധനകാര്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ജയപ്രകാശ് മജുംദാർ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ആറ് വർഷം മുമ്പ് ബി.ജെ.പിയിൽ ചേർന്ന പർണോ മിത്ര, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന നടി വെള്ളിയാഴ്ച തൃണമൂലിൽ ചേരുകയായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാതിരുന്ന അവർ, ബി.ജെ.പിയിൽ ചേർന്ന തീരുമാനം തെറ്റായിപ്പോയെന്ന് പറഞ്ഞു.
“ഇന്ന് എനിക്ക് ക്രിസ്മസ് പോലെയാണ്. എന്‍റെ പുതിയ യാത്ര മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗനിർദേശത്തോടും ആശിർവാദത്തോടും കൂടി ആരംഭിക്കുകയാണ്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനു കീഴിൽ ദീദിക്കൊപ്പം ഞാൻ മുന്നേറും. ആറ് വർഷം മുമ്പ് ഞാൻ ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ അത് തെറ്റായ കാര്യമായിരുന്നു. ആളുകൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് തിരുത്തുകയെന്നതാണ് പ്രധാനം. ആ തെറ്റ് തിരുത്താനായതിലൂടെ അനുഗൃഹീതയായെന്ന് ഞാൻ വിശ്വസിക്കുന്നു” -പർണോ മിത്ര പറഞ്ഞു.
മമതക്കു കീഴിൽ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുന്നതിൽ ആകൃഷ്ടയായി പർണോ മിത്ര തങ്ങളോട് താൽപര്യം അറിയിക്കുകയായിരുന്നുവെന്ന് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. അതേസമയം നടി പാർട്ടി മാറുന്നത് എന്തെങ്കിലും തരത്തിൽ ബി.ജെ.പിക്ക് ദോഷമാകുകയോ തൃണമൂലിന് ഗുണം ചെയ്യുകയോ ഇല്ലെന്ന് ബി.ജെ.പി നേതാവ് രുദ്രനിൽ ഘോഷ് പറഞ്ഞു.
2007ൽ ഖേല എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് പർണോ മിത്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അഞ്ജൻ ദത്തിന്റെ രഞ്ജന അമി അർ അഷ്ബോ നാ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദേവ്, സോഹം ചക്രവർത്തി, രാജ് ചക്രവർത്തി, ജൂൺ മാലിയ എന്നിവരുൾപ്പെടെ നിരവധി ബംഗാളി സിനിമാതാരങ്ങൾ നിലവിൽ തൃണമൂലിൽ സജീവമാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ അഭിനേതാക്കളും സിനിമാ പ്രവർത്തകരും പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

