അർധരാത്രി ഗവർണറുടെ രഹസ്യകത്ത്; പശ്ചിമ ബംഗാളിൽ പോര് മുറുകി
text_fieldsകൊൽക്കത്ത: വൈസ്ചാൻസലർ നിയമനത്തിൽ പശ്ചിമ ബംഗാൾ സർക്കാറുമായി ഉടക്കിയ ഗവർണർ സി.വി. ആനന്ദബോസ് അർധരാത്രി അയച്ച രഹസ്യകത്തുകളെ ചൊല്ലി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയപ്പോര്. ശനിയാഴ്ച 12മണിയോടെയാണ് ഗവർണർ സംസ്ഥാന -കേന്ദ്രസർക്കാറുകൾക്ക് രണ്ട് കത്തുകളയച്ചത്. ഇതിന്റെ ഉള്ളടക്കം പിന്നീട് വെളിപ്പെടുത്തുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദിയുമായി രാജ്ഭവനിൽ ചർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഗവർണർ കത്തുകളയച്ചത്. അർധരാത്രി കടുത്ത നടപടിയുണ്ടാകുമെന്ന് ശനിയാഴ്ച ഗവർണർ വ്യക്തമാക്കിയിരുന്നു. നഗരത്തിൽ പുതിയ രക്തരക്ഷസ്സ് വന്നിട്ടുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നുമാണ് ഇതേക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ഭ്രത്യ ബാസു സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചത്. ഗവർണറെ പേരെടുത്തു പറയാതെയായിരുന്നു പരിഹാസം.
ബി.ജെ.പിക്കുവേണ്ടി ഗവർണർ ബോധപൂർവം ഏറ്റുമുട്ടൽ സമീപനം സ്വീകരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ നല്ല പുസ്തകത്തിൽ കയറിപ്പറ്റി ഡൽഹിയിൽ മികച്ച പദവി ഉറപ്പിക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നതെന്ന് പാർട്ടിയുടെ രാജ്യസഭാംഗം ശാന്തനു സെൻ പറഞ്ഞു. എല്ലാ നിയമങ്ങളും മറികടന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നശിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സെൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരു ദശകമായി തൃണമൂൽ സർക്കാർ താറുമാറാക്കിയ ഉന്നത വിദ്യാഭ്യാസ മേഖല ശുചീകരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു. സ്വന്തം ആളുകളെ വൈസ്ചാൻസലർമാരാക്കാനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തെ തുടർന്ന് നിരവധി സർവകലാശാലകളിൽ അരാജകത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

