ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പൗരത്വം തെളിയിക്കാൻ സുഭാഷ് ചന്ദ്രബോസിനെയും കമീഷൻ വിളിച്ചുവരുത്തുമായിരുന്നോ? -മമത
text_fieldsകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പൗരത്വവും വോട്ടവകാശവും തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തെയും ഹിയറിങിന് വിളിക്കുമായിരുന്നോ എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേതാജിയുടെ ജന്മവാർഷികത്തിൽ നടന്ന പരിപാടിയുടെ വേദിയിലാണ് കമീഷന്റെ എസ്.ഐ.ആർ നടപടിക്കെതിരെ ബംഗാൾ മുഖ്യമന്ത്രിയുടെ പുതിയ ആക്ഷേപം.
നേതാജിയുടെ അനന്തരവൻ ചന്ദ്രബോസിനു ലഭിച്ച ഹിയറിങ് നോട്ടീസ് ഉന്നയിച്ചുകൊണ്ടായിരുന്നു അവരുടെ ചോദ്യം. ഇതിനകം 110ലധികം ജീവൻ അപഹരിച്ച ബംഗാളിലെ എസ്.ഐ.ആറിനെ ‘പൈശാചികത’ എന്നും അവർ വിശേഷിപ്പിച്ചു. നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, പൊരുത്തക്കേട് ചുണ്ടിക്കാട്ടി അദ്ദേഹത്തെ എസ്.ഐ.ആർ ഹിയറിങ്ങിന് വിളിപ്പിക്കുമായിരുന്നോ? അദ്ദേഹം ഇന്ത്യക്കാരനാണോ അല്ലയോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കുമായിരുന്നോ?’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിന് പേരുകേട്ട മുൻ ബി.ജെ.പി നേതാവായ ചന്ദ്രബോസും അതേ വേദിയിൽ ഉണ്ടായിരുന്നു.
നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ, ഇന്ത്യയുടെ മുൻ നാവികസേനാ മേധാവി അരുൺ പ്രകാശ്, ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി കൃഷ്ണൻ ശ്രീനിവാസൻ എന്നിവർക്ക് അയച്ച നോട്ടീസുകളും മമത പരാമർശിച്ചു. മാതാപിതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം കാരണമാണ് അമർത്യ സെന്നിനെ വിളിച്ചുവരുത്തിയത്. അങ്ങനെയെങ്കിൽ അവർ ആളുകളുടെ വിവാഹങ്ങളും ക്രമീകരിക്കുമോ? ആര് ആരെ സ്നേഹിക്കണമെന്ന് അവർ തീരുമാനിക്കുമോ? - യഥാർത്ഥ വോട്ടർമാരെ സംശയാസ്പദമായി അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ട്മമത ചോദിച്ചു.
ബംഗാളിന്റെയും ബംഗാളികളുടെയും പങ്ക് ജനങ്ങളെ മറക്കാൻ ബി.ജെ.പി മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് മമത ആവർത്തിച്ച് ആരോപിച്ചു. സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന്റെ പങ്കിനെയും അവർ കടന്നാക്രമിച്ചു. ബംഗാളിന്റെ മഹത്തായ പൈതൃകത്തെ ബി.ജെ.പി തുരങ്കം വെക്കുന്നത് തുടരുകയാണ്. ഇന്ത്യൻ ചരിത്രം മാറ്റിയെഴുതാനും വിനായക് ദാമോദർ സവർക്കർ, ശ്യാമ പ്രസാദ് മുഖർജി, ദീൻദയാൽ ഉപാധ്യായ തുടങ്ങിയ കാവി ഐക്കണുകളായ വിവാദ വ്യക്തികളെ ദൈവങ്ങളായി ചിത്രീകരിക്കാനുമുള്ള കാവി വ്യവസ്ഥയുടെ ശ്രമങ്ങളെ അവർ ശക്തമായി വിമർശിച്ചു.
ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ, പാർട്ടി ജനങ്ങൾക്ക് പ്രിയപ്പെട്ടതായി കരുതുന്ന സംസ്കാരം മുതൽ ഭാഷ വരെയുള്ള എല്ലാറ്റിനെയും നശിപ്പിക്കുമെന്നും മമത പറഞ്ഞു. ഡൽഹി ഇപ്പോൾ ഗൂഢാലോചനയുടെ നഗരമാണ്. കാവി ഭരണത്തിൽ ബംഗാളിനെതിരെ അവിടെ എപ്പോഴും ഗൂഢാലോചനകൾ ആസൂത്രണം ചെയ്യപ്പെടുന്നുവെന്നും തൃണമൂൽ ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

