ബംഗാൾ എസ്.ഐ.ആർ ആദ്യ അനുബന്ധ പട്ടികയായി; എണ്ണത്തിൽ വ്യക്തതയില്ല
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ അനന്തര നടപടിക്രമങ്ങളിലൂടെ ഒഴിവാക്കിയതും ചേർത്തതുമായ വോട്ടർമാരുടെ എണ്ണം വ്യക്തമാക്കാതെ അനുബന്ധ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. ഇന്നലെ അർധരാത്രിയോടെയാണ്, ബൂത്ത് അടിസ്ഥാനത്തിലുള്ള ആദ്യ അനുബന്ധ വോട്ടർപട്ടിക കമീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത്.
ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ തനിക്കുപോലും കഴിയില്ലെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ അഗർവാൾ പ്രതികരിച്ചത്. ‘‘എനിക്കിപ്പോൾ കണക്കുകളൊന്നും ലഭ്യമല്ല.
എത്ര പേരുടെ പേരുകളാണ് ഒഴിവാക്കിയതെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. പ്രക്രിയ ഇപ്പോഴും തുടരുകയാണ്’’- അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഏകദേശം 60 ലക്ഷം പേരുകൾ ‘പരിശോധിച്ചുകൊണ്ടിരിക്കുന്നു’ എന്ന് അടയാളപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, ഈ പേരുകൾ നിലനിർത്തണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശപ്രകാരം 705 ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയുണ്ടായി. ഇവർ പരിശോധിച്ച് തീരുമാനിച്ച പേരുകളാണ് ഇന്നലെ പ്രസിദ്ധീകരിച്ച അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 29 ലക്ഷം പേരുടേതിലാണ് തീരുമാനമെടുത്തത് എന്നാണറിയുന്നത്.
ഇതിനിടെ, ആദ്യ അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായവരുടെ മൊത്തം എണ്ണം ഉടൻ പുറത്തുവിടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. പരിശോധനാ പ്രക്രിയ പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പട്ടികകൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരുകൾ ഒഴിവാക്കിയവർക്ക് 15 ദിവസത്തിനകം നിശ്ചിത ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകാം. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

