ഓട്ടോമാറ്റിക് വോട്ട് വെട്ടൽ: ബംഗാളിൽ 5.38 ലക്ഷം പേർ പുറത്ത്
text_fieldsന്യൂഡൽഹി: സാങ്കേതികവിദ്യയുടെ മറവിൽ മുന്നറിയിപ്പൊന്നും നൽകാതെ പശ്ചിമ ബംഗാളിൽ മാത്രം തെരഞ്ഞെടുപ്പ് കമീഷൻ ഒഴിവാക്കിയത് 5.38 ലക്ഷം പേരുടെ വോട്ടവകാശം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ‘ഇ.ആർ.ഒ നെറ്റ്’ സോഫ്റ്റ്വെയർ വഴി ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ഒപ്പോടെ ഓട്ടോമാറ്റിക്കായി ഫോം സെവൻ അപേക്ഷകൾ തയാറാക്കിയാണ് ഇത്രയും പേരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയത്.
ഒരാളുടെ വോട്ട് തള്ളുമ്പോൾ അതിനുള്ള കൃത്യമായ കാരണം രേഖപ്പെടുത്തണമെന്ന നിയമം നിലനിൽക്കെയാണ് കാരണവും വ്യക്തമാക്കാതെയും കാരണം കാണിക്കൽ നോട്ടീസ് നൽകാതെയും ഇത്രയും അധികം വോട്ടുകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. സമാന രീതയിൽ ഉത്തർപ്രദേശിൽ 87,000ലധികവും ഉത്തരാഖണ്ഡിൽ 95,000ലധികം പേരെയും ഒഴിവാക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
ബംഗാളിൽ 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികക്കും 2026 ഫെബ്രുവരിയിൽ വന്ന അന്തിമപട്ടികക്കും ഇടയിലാണ് നിയമം കാറ്റിൽപറത്തിയുള്ള കമീഷൻ നടപടി. ജനപ്രാതിനിധ്യ നിയമങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങളും അനുസരിച്ച് വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നതിനോ എതിർപ്പറിയിക്കുന്നതിനോ ഉള്ള അപേക്ഷയാണ് ഫോം സെവൻ. എന്നാൽ ഈ നിയമങ്ങൾ അനുസരിച്ചോ 2024ലെ വോട്ടർപട്ടിക സംബന്ധിച്ച ഔദ്യോഗിക മാനുവൽ പ്രകാരമോ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് തന്നെ പരാതിക്കാരായി സ്വയം ഫോം സെവൻ സമർപ്പിക്കാൻ വ്യവസ്ഥയില്ല.
നടപടി പുറത്തുവന്നതോടെ, വിചാരണവേളയിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുടെ പേരിൽ ഉദ്യോഗസ്ഥരെ തന്നെ പരാതിക്കാരാക്കി സോഫ്റ്റ്വെയർ വഴി ഫോം ജനറേറ്റ് ചെയ്യുകയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ വോട്ട് നഷ്ടപ്പെട്ടവർക്ക് കാരണം പരിശോധിക്കാൻ സാധിക്കുന്ന ഔദ്യോഗിക റജിസ്റ്ററുകളിൽ ഇവർക്കെതിരെയുള്ള ‘കാരണം’ എന്ന കോളം പൂർണമായും ഒഴിഞ്ഞുകിടക്കുകയാണ്.
നിയമപ്രകാരം വ്യക്തമായ കാരണമില്ലാതെ വോട്ട് റദ്ദാക്കാൻ പാടില്ലെന്നിരിക്കെയാണ് ബോധപൂർവമായ ഇടപെടൽ. ബംഗാളിൽ നോർത്ത് 24 പർഗാനാസ്, നാദിയ തുടങ്ങിയ ജില്ലകളിലും അതിർത്തി പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ പേരെ ഇത്തരത്തിൽ നീക്കിയത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ഇ.ആർ.ഒ നെറ്റ് വഴി ഒഴിവാക്കിയ വോട്ടുകൾ താരതമ്യം ചെയ്താൽ, കുറഞ്ഞത് ആറ് മണ്ഡലങ്ങളിലെങ്കിലും വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് വോട്ടർമാരുടെ എണ്ണം. ഉത്തർപ്രദേശിലും സമാനമായ രീതിയിൽ സോഫ്റ്റ്വെയർ വഴി വോട്ടർമാരെ ഒഴിവാക്കിയ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

