നാട്ടുകാർ അകറ്റിനിർത്തുമെന്ന ഭയം; കോവിഡ് ഭേദമായയാൾ ദിവസങ്ങളോളം കഴിഞ്ഞത് റെയിൽവേ സ്റ്റേഷനിൽ
text_fieldsകൊൽക്കത്ത: കോവിഡ് ഭേദമായ വ്യക്തി നാട്ടുകാർ അകറ്റിനിർത്തുമോയെന്ന ഭയം കാരണം വീട്ടിലേക്ക് മടങ്ങാതെ ദിവസങ്ങളോളം കഴിഞ്ഞത് റെയിൽവേ സ്റ്റേഷനിൽ. പശ്ചിമ ബംഗാളിലെ നാൽപുർ ഗ്രാമത്തിലാണ് സംഭവം. പന്നാലാൽ ഡേ എന്ന മുനിസിപ്പൽ ജീവനക്കാരാനാണ് ഈയൊരു ദുർഗതിയുണ്ടായത്.
കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരനായ പന്നാലാൽ ഡേ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മേയ് 13ന് ഇദ്ദേഹം പൂർണമായി രോഗമുക്തി നേടിയതോടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ ആളുകൾ തന്നോട് ഏത് വിധത്തിൽ പെരുമാറും എന്ന ഭയം കാരണം സ്വന്തം വീട്ടിലേക്ക് പോകാൻ പന്നാലാൽ തയാറായില്ല.
തുടർന്ന് സംക്രൈൽ റെയിൽവേ സ്റ്റേഷൻ താൽക്കാലിക അഭയകേന്ദ്രമാക്കുകയായിരുന്നു. കോവിഡ് ബാധിതർക്ക് നേരെ പലയിടത്തും ആക്രമണം നടന്ന വാർത്തകളാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് മടങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചത്. പലരും നൽകിയ ഭക്ഷണവും വെള്ളവും കഴിച്ചാണ് ഈ ദിവസങ്ങളിൽ കഴിഞ്ഞുകൂടിയത്.
ഈ വിവരം ശ്രദ്ധയിൽപെട്ട ഹൗറ പൊലീസ് കമീഷണർ പന്നാലാലിനെ വീട്ടിലെത്തിക്കാനും ആവശ്യമായ സുരക്ഷ നൽകാനും നിർദേശിച്ചു. പൊലീസ് എത്തിയിട്ടും വീട്ടിലേക്ക് മടങ്ങാൻ പന്നാലാൽ തയാറായില്ല. ഒടുവിൽ, കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം പൊലീസ് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും പൊലീസ് ഏർപ്പാടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
