കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ഭാദു ശൈഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേർക്കെതിരെ സി.ബി.ഐ കേസെടുത്തു. ബിർഭൂമിലെ രാംപുർഹട്ടിൽ ഒൻപത് പേരെ ചുട്ടരിച്ച് കൊന്ന സംഭവത്തിന് തൃണമൂൽ പ്രവർത്തകന്‍റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
കൊലപാതകം, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാംപൂർഹട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ സി.ബി.ഐ സംഘം കേസ് ഡയറിയും കേസുമായി ബന്ധപ്പബെട്ട മറ്റ് പ്രധാന രേഖകളും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഏറ്റു വാങ്ങി. പൊലീസ് ഉദ്യോഗസ്ഥരോടും കേസിലെ പ്രധാന സാക്ഷികളോടും സംസാരിച്ച ശേഷം സി.ബി.ഐ സംഘം സ്ഥിതിഗതികൾ വിലയിരുത്തി.
കൽക്കത്ത ഹൈകോടതി ഉത്തരവിനെ തുടർന്ന് ലോക്കൽ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. മാർച്ച് 21നാണ് രാംപൂർഹട്ടിൽ തൃണമൂൽ പ്രവർത്തകനായ ഭാദു ശൈഖ് കൊല്ലപ്പെട്ടത്. തുടർന്ന് സ്ത്രീകളും കുട്ടികളുമുൾപ്പടെ ഒൻപത് പേർ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് ഭാദു ഷെയ്ഖിന്‍റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്.