ബംഗാൾ ജഡ്ജിമാരുടെ പോര്:ഹൈകോടതി നടപടി തടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിലെ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് സംവരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൽക്കത്ത ഹൈകോടതി മുമ്പാകെയുള്ള എല്ലാ നടപടികളും തടഞ്ഞ് സുപ്രീംകോടതി. കേസിലെ ഹരജിക്കാരിക്കും പശ്ചിമ ബംഗാൾ സർക്കാറിനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രത്യേക വാദം കേൾക്കലിന് ശേഷം നോട്ടീസ് അയച്ചു. വിഷയത്തിലെ സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് ഉത്തരവുകൾ അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തു. വിഷയം തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.ക്രമക്കേട് ആരോപിച്ച് വിദ്യാർഥിയായ ഇതിഷ സോറൻ ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
തുടർന്ന് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ വിഷയം സി.ബി.ഐക്ക് വിടുകയാണെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ സിംഗ്ൾ ബെഞ്ച് ഉത്തരവിട്ടു. ജനുവരി 24നാണ് ജസ്റ്റിസ് ഗംഗോപാധ്യായ കേസിൽ സി.ബി.ഐ അന്വേഷണത്തിന് നിർദേശിച്ചത്. പശ്ചിമ ബംഗാൾ പൊലീസിനെയും സർക്കാറിനെയും വിമർശിച്ചായിരുന്നു ഉത്തരവ്.
തൊട്ടടുത്ത ദിവസം അഡ്വ. ജനറൽ കിഷോർ ദത്ത കേസ് ജസ്റ്റിസുമാരായ ജസ്റ്റിസ് സൗമൻ സെന്നിന്റെയും ഉദയ്കുമാറിന്റെയും ഡിവിഷൻ ബെഞ്ചിൽ ഉത്തരവ് പരാമർശിച്ചു. ഹരജിക്കാരി പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കേസിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ സാവകാശമുണ്ടായില്ലെന്നും അഡ്വ. ജനറൽ പറഞ്ഞു. തുടർന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ സി.ബി.ഐ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെയാണ് ജസ്റ്റിസ് ഗംഗോപാധ്യായ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ജസ്റ്റിസ് സൗമൻ സെൻ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നായിരുന്നു ആരോപണം. ഉത്തരവ് സുപ്രീംകോടതി പരിശോധിക്കണമെന്നും സിംഗിൾ ബെഞ്ച് അഭ്യർഥിച്ചു.തുടർന്ന് വിഷയം സ്വമേധയ പരിഗണിച്ച സുപ്രീംകോടതി ശനിയാഴ്ച കേസിൽ പ്രത്യേക സിറ്റിങ് നടത്താൻ തീരുമാനമെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

