കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകറിനെതിരെ കൊൽക്കത്ത യൂനിവേഴ്സിറ്റിയിൽ വൻ പ്രതിഷേധം. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഗവർണറെത്തിയപ്പോൾ ഗോ ബാക്ക് വിളികളുമായി വിദ്യാർഥികൾ അദ്ദേഹത്തെ തടഞ്ഞു. പ്രതിഷേധം ശക ്തമായതോടെ പരിപാടിയിൽ പങ്കെടുക്കാതെ ഗവർണർ മടങ്ങി.
വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പരിപാടിക്ക് എത്തിയിരുന്നില്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രിക്കും ക്ഷണക്കത്ത് നൽകിയിരുന്നുവെന്ന് യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. 2019 ഡിസംബർ 24ന് ജാദവ്പൂർ യൂനിവേഴ്സിറ്റിയിലും ഗവർണറെ തടഞ്ഞിരുന്നു.
നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിക്ക് യൂനിവേഴ്സിറ്റി ഡി-ലിറ്റ് പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചിരുന്നു. അഭിജിത് ബാനർജിക്ക് സമ്മാനിക്കേണ്ടിയിരുന്ന ഡി-ലിറ്റ് ബിരുദത്തിൽ ഒപ്പിടുന്നതിനായി പരിപാടി നടക്കുന്ന യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ പ്രവേശിക്കാൻ വിദ്യാർഥികൾ ഗവർണറെ അനുവദിച്ചു. എന്നാൽ, പരിപാടി നടക്കുന്ന വേദിയിലേക്ക് കടക്കാൻ ഗവർണറെ വിദ്യാർഥികൾ അനുവദിച്ചില്ല.