ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു; പിന്നിൽ കേന്ദ്ര സമ്മർദ്ദമെന്ന് മമത
text_fieldsസി.വി. ആനന്ദ ബോസ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഡൽഹിയിൽ വെച്ചാണ് രാജി നൽകിയതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഗവർണർ പദവിയിൽ താൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു.
അതേസമയം സി.വി. ആനന്ദ ബോസിന്റെ രാജിയിൽ കടുത്ത ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ഗവർണറുടെ അപ്രതീക്ഷിത രാജിക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദമുണ്ടാകാമെന്ന് മമത ആരോപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം ഗവർണറെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടാകാമെന്ന് മമത സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. തമിഴ്‌നാട് മുൻ ഗവർണർ ആർ.എൻ. രവിയെ പുതിയ ഗവർണറായി നിയമിക്കുന്ന വിവരം ആഭ്യന്തര മന്ത്രി തന്നെ അറിയിച്ചുവെന്നും എന്നാൽ ഇതിൽ സംസ്ഥാന സർക്കാരുമായി യാതൊരു ആലോചനയും നടത്തിയിട്ടില്ലെന്നും മമത പറഞ്ഞു.
'ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന കീഴ്‌വഴക്കം കേന്ദ്രം ലംഘിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുന്നതും ഫെഡറൽ സംവിധാനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ്.' - മമത ബാനർജി. ബംഗാൾ സർക്കാറും ഗവർണറും തമ്മിൽ നേരത്തെയും പല വിഷയങ്ങളിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഗവർണറുടെ നിയമനവും വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

