ബംഗാൾ തെരഞ്ഞെടുപ്പ്; വൻ തിരിച്ചുവരവുകൾക്ക് അരങ്ങൊരുങ്ങി
text_fieldsകൊൽക്കത്ത: ഭരണകക്ഷിയായ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടി.എം.സി) ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ തിരിച്ചുവരവുകൾക്ക് കൂടിയുള്ള വേദിയാകുന്നു. വർഷങ്ങൾ നീണ്ട പരാജയങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും നാടുകടത്തലിനും പാർട്ടിയിലെ അവഗണനകൾക്കും ഒടുവിൽ പല നേതാക്കളും തങ്ങളുടെ രാഷ്ട്രീയ ഉയിർത്തെഴുന്നേൽപിനായി ഉറ്റുനോക്കുന്ന അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, മാസങ്ങളോളം പാർട്ടിയുടെ പൊതുവേദികളിൽനിന്ന് വിട്ടുനിന്ന മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ തിരിച്ചുവരവാണ് പ്രധാനം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയവും പാർട്ടിയിലെ ആഭ്യന്തര തീരുമാനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിമർശനങ്ങളും സംസ്ഥാന ഘടകത്തിലെ ഭിന്നതകൾ പുറത്തുകൊണ്ടുവന്നിരുന്നു. മാസങ്ങളോളം പാർട്ടിയിൽനിന്ന് വിട്ടുനിന്ന അദ്ദേഹം ഇപ്പോൾ ഖരഗ്പൂർ സദറിൽനിന്നാണ് പോരാട്ടത്തിന് ഒരുങ്ങുന്നത്. രാഷ്ട്രീയ അജ്ഞാതവാസത്തിനുശേഷം തിരിച്ചുവരുന്ന മറ്റൊരു ബി.ജെ.പി നേതാവാണ് റിതേഷ് തിവാരി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2022ൽ സസ്പെൻഡ് ചെയ്യപ്പെട്ട തിവാരി മൂന്ന് വർഷത്തോളം മാറിനിൽക്കേണ്ടിവന്നു. കാശിപൂർ-ബെൽഗാച്ചിയയിൽനിന്നാണ് ജനവിധി തേടുക.
തിരിച്ചുവരവിനൊരുങ്ങുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും ശ്രദ്ധേയൻ കുനാൽ ഘോഷാണ്. ഒരിക്കൽ രാജ്യസഭ എം.പിയും മമത ബാനർജിയുടെ അടുത്ത അനുയായിയുമായിരുന്ന ഘോഷിന്റെ കരിയർ 2013ലെ ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അറസ്റ്റോടെയാണ് തകർന്നത്. പത്ത് വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം ബേലെഘട്ടയിൽനിന്നാണ് മത്സരിക്കുന്നത്. മുൻ ജലസേചന മന്ത്രി രാജീബ് ബാനർജിയും ഇത്തവണ തിരിച്ചുവരവിന്റെ വഴിയിലാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് മാറിയ അദ്ദേഹം, ഡോംജൂരിൽ പരാജയപ്പെട്ടതിന് പിന്നാലെ മാസങ്ങൾക്കുള്ളിൽ ടി.എം.സിയിലേക്ക് തന്നെ മടങ്ങി. രാഷ്ട്രീയ തട്ടകമായ ഹൗറയിൽനിന്നും മാറി ഡെബ്രയിലാണ് അദ്ദേഹം മത്സരിക്കുന്നത്.
മുതിർന്ന ടി.എം.സി നേതാവും മമത ബാനർജിയുടെ വിശ്വസ്തനുമായിരുന്ന ജ്യോതി പ്രിയ മല്ലിക്കിന് ഈ തെരഞ്ഞെടുപ്പ് വ്യക്തിപരമായ പോരാട്ടം കൂടിയാണ്. മല്ലിക് ഭക്ഷ്യ മന്ത്രിയായിരിക്കെ ഇ.ഡി അന്വേഷണത്തെത്തുടർന്ന് ഒരു വർഷത്തിലേറെ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ മല്ലിക് ഹബ്രയിൽനിന്നാണ് മത്സരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മൂന്ന് പതിറ്റാണ്ടിനുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതും ഈ തെരഞ്ഞെടുപ്പിലാണ്. ബഹറംപൂരിൽ നിന്നാകും അദ്ദേഹം മത്സരിക്കുക. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും 29നും നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.
മുസ്ലിംകൾക്കുവേണ്ടി ഒന്നും ചെയ്തില്ല; മമതക്കെതിരെ ഉവൈസി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്ലിം വോട്ടുകൾ നേടി അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും സമുദായത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീൻ ഉവൈസി എം.പി. മമതയുടെ രാഷ്ട്രീയം ബംഗാളിൽ ബി.ജെ.പിയെ വളരാൻ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉവൈസി. ബംഗാളിലെ ജനങ്ങൾ ശ്വാസംമുട്ടിയിരിക്കുകയാണ്.
അവർ അന്വേഷിക്കുന്ന ബദൽ നൽകുന്നതിനായി ഹുമയൂൺ കബീറിന്റെ എ.ജെ.യു.പിയുമായി തന്റെ പാർട്ടി കൈകോർക്കും. ഹുമയൂൺ കബീറുമായുള്ള തങ്ങളുടെ സഖ്യം, ബംഗാളിലെ ദുർബല വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നത് തടയാനും അവരെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു. ന്യൂനപക്ഷങ്ങളുടെ വികസനം സംസ്ഥാനത്ത് വലിയ പ്രശ്നമാണെന്നും മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

