ബംഗാളിൽ ബി.ജെ.പിയെ സഹായിച്ചത് എസ്.ഐ.ആർ; 105 സീറ്റിൽ വെട്ടിമാറ്റപ്പെട്ട വോട്ടിലും കുറഞ്ഞ ഭൂരിപക്ഷം
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ബി.ജെ.പി വിജയിച്ച 105 സീറ്റുകളിലെ ഭൂരിപക്ഷം എസ്.ഐ.ആറിന് ശേഷം വെട്ടിമാറ്റിയ വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറവാണെന്ന് റിപ്പോർട്ട്. ഓൺലൈൻ ന്യൂസ് പോർട്ടലായ സ്ക്രോൾ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിൽ 86 എണ്ണത്തിൽ ബി.ജെ.പി ആദ്യമായാണ് വിജയിക്കുന്നത്. പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപ്പാക്കിയതോടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയിരുന്നു. ഇത് സംസ്ഥാനത്തിന്റെ വോട്ടർ പട്ടികയിൽ 12 ശതമാനം കുറവുണ്ടാക്കി. കുറഞ്ഞത് 27 ലക്ഷം വോട്ടർമാരെങ്കിലും അപ്പീൽ ഇപ്പോഴും ട്രൈബ്യൂണലിനു മുന്നിലാണ്.
ഉദാഹരണത്തിന്, ബി.ജെ.പി വിജയിച്ച മണ്ഡലമാണ് ബങ്കുര ജില്ലയിലെ ഇൻഡസ് സീറ്റ്. 2021ലും ബി.ജെ.പി അത് നേടിയിരുന്നു. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ ഇവിടെ ബി.ജെ.പിയേക്കാൾ 9,000 വോട്ടിന്റെ ലീഡ് നേടി. പിന്നീട് എസ്.ഐ.ആർ നടപ്പാക്കി. ആകെ 7,515 വോട്ടർമാരെ നീക്കം ചെയ്തു. ഇത്തവണ ഇവിടെ ബി.ജെ.പി വീണ്ടും 900 വോട്ടുകൾക്ക് വിജയിച്ചു. തൃണമൂലിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത 86 സീറ്റുകളിലും ഭൂരിപക്ഷം എസ്.ഐ.ആറിൽ വെട്ടിമാറ്റപ്പെട്ട വോട്ടുകളേക്കാൾ കുറവാണെന്നും സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.
എസ്.ഐ.ആറിന് ശേഷം ജാദവ്പൂരിലെ പട്ടികയിൽ നിന്ന് ആകെ 56,000ത്തിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഇത്തവണ ബി.ജെ.പി ഇവിടെ വിജയിച്ചത് 27,716 വോട്ടുകൾക്കാണ്. തൃണമൂലിൽ നിന്നുള്ള സിറ്റിങ് എം.എൽ.എക്ക് കഴിഞ്ഞ തവണത്തേക്കാൾ 20,000 വോട്ടുകൾ കുറവുണ്ടായി.
ബംഗാളിലെ 294 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 207 സീറ്റുകളാണ് ബി.ജെ.പി പിടിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 2021ൽ 212 സീറ്റുകൾ പിടിച്ചായിരുന്നു മമത സർക്കാർ മൂന്നാമതും അധികാരത്തിലേറിയത്. അന്ന് 77 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി മമത നേരത്തെ തന്നെ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും പശ്ചിമ ബംഗാളിൽ സംഘർഷങ്ങൾ തുടരുകയാണ്. തങ്ങളുടെ പാർട്ടി ഓഫീസുകൾ ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ വെച്ച് തകർത്തതായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ന്യൂമാർക്കറ്റ് ഭാഗത്തെ കടകളും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസും ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് ആരോപണം. വീഡിയോ പങ്കുവെച്ചാണ് ആരോപണം ഉന്നയിച്ചത്. വീഡിയോയിൽ, ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിലും സംഗീതത്തിനൊപ്പം പ്രദേശത്തെ ഒരു കടയിൽ ഒരു ബുൾഡോസർ ഇടിച്ചുനിരത്തുന്നത് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

