തുടർചലനങ്ങളുണ്ടാക്കുന്ന ബംഗാൾ ഭൂകമ്പം
text_fieldsബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തൃണമൂൽ പ്രവർത്തകന്റെ നിരാശ
തിങ്കളാഴ്ച സൂര്യൻ അസ്തമിക്കുമ്പോഴേക്കും കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ശ്മശാനമൂകതയിലാണ്ടിരുന്നു. മറുഭാഗത്ത് ബംഗാൾ ബി.ജെ.പി ആസ്ഥാനത്ത് ആവേശം അലതല്ലുന്നുമുണ്ട്. കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ തൃണമൂൽ കോൺഗ്രസ് എന്ന പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ അസ്തമയത്തിന്റെ സൂചനകൾകൂടിയാണ് ബംഗാൾ നൽകുന്നത്. ഭിന്നിച്ച പ്രതിപക്ഷത്തിന് മേൽ ഹിന്ദുത്വവോട്ടുകൾ ഏകീകരിച്ച് ബി.ജെ.പി കിഴക്കേ ഇന്ത്യയും പിടിച്ചിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടർ ചലനങ്ങളുണ്ടാക്കാവുന്ന വലിയൊരു രാഷ്ട്രീയ ഭൂകമ്പമാണ് വംഗനാട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. വർഗീയ ധ്രുവീകരണം അതിന്റെ മൂർധന്യത്തിലേക്ക് നീങ്ങിയാൽ ബംഗാളിന്റ ഗതി ശുഭകരമായിരിക്കില്ലെന്ന് രക്തരൂഷിത ബംഗാളിന്റെ ചരിത്രം പറയുന്നുണ്ട്. അധികാരം എല്ലാ അർഥത്തിലും ബി.ജെ.പി പ്രയോഗിക്കുന്നതോടെ മതന്യൂനപക്ഷങ്ങൾ മാത്രമല്ല, കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും അതിന് വിലയൊടുക്കും. അതേസമയം, ടി.എം.സിയുടെ പതനം അതിലേക്ക് പോയ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും കേഡറുകളുടെ മാതൃസംഘടനകളിലേക്കുള്ള തിരിച്ചുവരവിനും വഴിയൊരുക്കും.
സ്ത്രീവോട്ടർമാരും മുസ്ലിം വോട്ടർമാരുമായിരുന്നു തൃണമൂൽ വോട്ട്ബാങ്കിന്റെ അടിത്തറ. ആ രണ്ട് അടിത്തറകളും തകർന്നതായാണ് കാഴ്ച. സ്ത്രീവോട്ടർമാർ അകന്നതിന് പ്രധാന കാരണം വർഗീയ ധ്രുവീകരണംതന്നെയാണ്. 70 ശതമാനത്തോളം ഹിന്ദു വോട്ടർമാരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചുവെന്നാണ് മണ്ഡലങ്ങളിലെ വോട്ടുപ്രവണതകൾ കാണിക്കുന്നത്. ഹിന്ദുത്വ വികാരമുയർന്നതോടെ പരമ്പരാഗത ജാതി ബോധവും ബംഗാളി സ്വാഭിമാനവുമെല്ലാം അപ്രത്യക്ഷമായി. സ്ത്രീവോട്ടർമാരെ മമത ബാനർജി എന്ന വനിതാ നേതാവിൽനിന്ന് അകറ്റാൻ പോന്ന തരത്തിലുള്ള അഴിമതിയോടുള്ള രോഷം പ്രാദേശികതലത്തിലുണ്ടായിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ നട്ടെല്ലായ മുസ്ലിം വോട്ടുകളാകട്ടെ, പാർട്ടി പ്രതീക്ഷിച്ച തരത്തിൽ കേന്ദ്രീകരിച്ചില്ല. എസ്.ഐ.ആറിലെ കൂട്ട മുസ്ലിം വെട്ടിമാറ്റലിലൂടെ കമീഷൻ സൃഷ്ടിച്ച തിരിച്ചടിക്ക് പുറമെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ തൃണമൂലിനും ഇടതുസഖ്യത്തിനും കോൺഗ്രസിനും ഹുമയൂൺ കബീറിനുമിടയിൽ വിഭജിക്കപ്പെട്ടു. തലമുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി മുർശിദാബാദിലെ ബഹ്റാംപുർ പോലൊരു മണ്ഡലത്തിൽ 20,000ത്തിലേറെ വോട്ടുകൾക്ക് ബി.ജെ.പിയോട് തോറ്റതിൽനിന്ന് മുസ്ലിംവോട്ടുകളുടെ ഭിന്നിപ്പിന്റെ ആഴം വ്യക്തമാണ്.
34 ലക്ഷം വോട്ടർമാരെ വെട്ടിക്കൊടുത്ത എസ്.ഐ.ആറിൽ തുടങ്ങി ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുത്ത് ബി.ജെ.പിയുടെ ബംഗാൾ വിജയത്തിന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വഹിച്ച പങ്ക് കാണാതിരിക്കാനാവില്ല. ഒരുതവണ വോട്ട് ചെയ്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന നിലപാടെടുത്ത് വെട്ടിമാറ്റപ്പെട്ടവരെ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടികയിൽ ചേർക്കാതിരിക്കാനുള്ള കമീഷന്റെ തന്ത്രത്തിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടുകയും ചെയ്തു.
തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ബീർഭും, പുർബ ബർധമാൻ, ഹൂഗ്ലി, ജംഗിൾ മഹൽ എന്നിവിടങ്ങളിലൊക്കെ ബി.ജെ.പി വെന്നിക്കൊടി പാറിച്ചതിൽനിന്ന് നഗര മണ്ഡലങ്ങൾക്ക് പുറമെ ഗ്രാമീണ മേഖലകളിലും ബി.ജെ.പി കടന്നുകയറിയെന്ന് വ്യക്തം. പണം നേരിട്ട് അക്കൗണ്ടിലിട്ടുകൊടുക്കുന്നതടക്കമുള്ള ക്ഷേമ പദ്ധതികളൊന്നും മമതക്ക് ഗുണം ചെയ്തില്ല. ലക്ഷ്മീർ ഭണ്ഡാർ പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ വിഹിതം 500 രൂപ വർധിപ്പിച്ചതും തൊഴിലില്ലായ്മയിൽ രോഷമുള്ള യുവാക്കൾക്ക് ‘യുവ ശക്തി’ എന്ന പേരിൽ സ്റ്റൈപൻഡ് നൽകിയതും വർഗീയ ധ്രുവീകരണത്തിന് മുന്നിൽ ഏശിയില്ല.
വോട്ടെണ്ണലിലും നാടകീയത; അട്ടിമറിശ്രമമെന്ന് മമത
എസ്.ഐ.ആറിൽ തുടങ്ങി പോളിങ്ങിൽ തുടർന്ന നാടകീയ രംഗങ്ങൾ വോട്ടെണ്ണൽ നാളിലും ബംഗാളിൽ അരങ്ങേറി. ബി.ജെ.പിക്ക് അനുകുലമായ വോട്ടെണ്ണൽ പ്രവണത കണ്ടപ്പോഴേക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും തന്ത്രങ്ങളിൽ വശംവദരാകരുതെന്നും അവസാന വോട്ടെണ്ണും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്നുമുള്ള വൈകാരികമായ അഭ്യർഥനയുമായി മമത ബാനർജി രംഗത്തുവന്നു. 197-91 എന്ന നിലയിൽ ബി.ജെ.പി-തൃണമൂൽ ലീഡ് കാണിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. വൻ മുന്നേറ്റം ബി.ജെ.പി കൈവരിച്ചെന്ന് കമീഷൻ വെബ്സൈറ്റിൽ കാണിക്കുമ്പോഴും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പ്രതീക്ഷ കൈവിട്ടില്ല. വോട്ടെണ്ണൽ തുടരുകയാണെന്നും നിരാശപ്പെടുകയോ പ്രതീക്ഷ കൈവിടുകയോ ചെയ്യരുതെന്നും വിഡിയോ സന്ദേശത്തിലൂടെ അവർ അണികൾക്ക് നിർദേശം നൽകി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് പോകരുതെന്ന് ടി.എം.സി സ്ഥാനാർഥികളോടും ഏജന്റുമാരോടും ആവശ്യപ്പെട്ട അവർ ആരും പ്രതീക്ഷ കൈവിടരുതെന്ന് ഓർമിപ്പിച്ചു.
ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ബി.ജെ.പി ശക്തികേന്ദ്രമായ വടക്കൻ ബംഗാളിൽ 12-13 റൗണ്ട് എണ്ണിയപ്പോൾ തൃണമൂൽ ശക്തികേന്ദ്രമായ തെക്കൻ ബംഗാളിൽ വോട്ടെണ്ണൽ രണ്ട് റൗണ്ടിൽ തടസ്സപ്പെട്ടുനിൽക്കുന്നത് ചൂണ്ടിക്കാട്ടി മമത വീണ്ടും രംഗത്തുവന്നു. 100 സീറ്റുകളിലെ പുരോഗതി കമീഷൻ അപ് ലോഡ് ചെയ്യുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വൈകീട്ട് നാലു മണിക്ക് ഭബാനിപുരിലെ തന്റെ സ്വന്തം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മമത നേരിട്ട് എത്തി. ബി.ജെ.പിയുടെ ലീഡ് 200ലെത്തിയപ്പോഴും 170 സീറ്റുകളിൽ ടി.എം.സിക്ക് ലീഡുണ്ടെന്നാണ് മമത അവകാശപ്പെട്ടത്. പാർട്ടി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിലെ യഥാർഥ വിവരം പുറത്തുവിടുന്നില്ലെന്നാണ് മമത പറഞ്ഞത്.
ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ചേർന്നുള്ള തന്ത്രങ്ങളാണ് നടക്കുന്നതെന്ന് അവർ ആരോപിച്ചു. ചില സ്ഥലങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയിൽ ക്രമക്കേട് നടന്നെന്ന് മമത ആരോപിച്ചു. ആദ്യത്തെ രണ്ടോ മൂന്നോ റൗണ്ട് കഴിഞ്ഞപ്പോൾ പല സ്ഥലങ്ങളും വോട്ടെണ്ണൽ നിർത്തിവെച്ചെന്നും, കല്യാണി മണ്ഡലത്തിൽ തിരിമറി നടന്ന ഏഴ് വോട്ടിങ് മെഷീനുകൾ തങ്ങൾ കണ്ടെത്തിയെന്നും അവർ പറഞ്ഞു. ടി.എം.സി ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളിലാണ് മനഃപൂർവം അതിക്രമം നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

