പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് അസാധു -മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയെ മറിച്ചിട്ട്, സുവേന്ദു അധികാരി നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാറിനെ ഭരണത്തിലേറ്റിയ നിയമസഭ തെരഞ്ഞെടുപ്പ് നിയമപരമായി സാധുവല്ലെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി. തെരഞ്ഞെടുപ്പ് കമീഷനിൽ തീരുമാനങ്ങൾ ഭൂരിപക്ഷം പരിഗണിച്ചാകണമെന്നും കൊൽക്കത്തയിൽ ഹാശിം അബ്ദുൽ ഹലീം അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
‘‘പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് സാധുവായിരുന്നോ? എന്റെ അഭിപ്രായത്തിൽ അല്ല. ഇതു ഞാൻ പലവട്ടം പറഞ്ഞതാണ്. ഇനിയും പറയുകയും ചെയ്യും. ഇപ്പോൾ വിഷയം സുപ്രീംകോടതി പരിഗണനയിലാണ്. ശരിയായ തീരുമാനം കോടതി എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’- എസ്.വൈ. ഖുറൈശി തുടർന്നു.
ചിലയിടങ്ങളിൽ നിയമം പാലിച്ചുതന്നെ നടന്നിട്ടുണ്ടാകാം. എന്നാൽ, മുസ്‍ലിം വോട്ടർമാർ കൂടുതലുള്ള ഇടങ്ങളിൽ കൂട്ടമായി പേരു വെട്ടിയെന്ന സംശയമുയർന്നതിനാൽ പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അല്ല തെരഞ്ഞെടുപ്പ് കമീഷൻ. ഏകകണ്ഠമായി വേണം തീരുമാനങ്ങളെന്നാണ് നിയമം. അതു സാധ്യമായില്ലെങ്കിൽ മൂന്നംഗ കമീഷനിൽ ഭൂരിപക്ഷമെങ്കിലും വേണം’’-അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ മറ്റു കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും ആക്ഷേപം ഉന്നയിച്ചെന്ന ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു മുൻ കമീഷണറുടെ പ്രതികരണം. വോട്ടർമാർ സ്വന്തം വോട്ടിനായി യാചിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും പകരം, വോട്ടർ കാർഡുകൾ അവരുടെ വീടുകളിലെത്തിച്ചുനൽകുന്നതാണ് പാരമ്പര്യമെന്നും ഖുറൈശി പറഞ്ഞു. പൗരത്വം പരിശോധിക്കാൻ പിൻവാതിൽ മാർഗമായി എസ്.ഐ.ആറിനെ മാറ്റുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
എന്നാൽ, ആരോപണങ്ങൾ പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് തള്ളി. ‘‘പുതിയ സർക്കാർ അധികാരമേറിയിട്ട് ആറോ ഏഴോ മാസമായി. ജനത്തിന് പ്രശ്നങ്ങളില്ല. എന്നാൽ, ചിലർ ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. അവരിഷ്ടപ്പെട്ട ഫലം ഉണ്ടാകാത്തതാകാം കാരണം’’ -ദിലീപ് ഘോഷ് പറഞ്ഞു.

