രണ്ടാംഘട്ട വോട്ടെടുപ്പിനിടെ നന്ദിഗ്രാമിൽ സംഘർഷം; ഒരു മരണം
text_fieldsനന്ദിഗ്രാമിലെ ബോയൽ മഖ്തബ് പ്രൈമറി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിനു മുന്നിൽ വീൽചെയറിലിരിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ പലയിടത്തും അക്രമം. പശ്ചിമ മിഡ്നാപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. രാജ്യം ഉറ്റുനോക്കുന്ന നന്ദിഗ്രാമിലെ വോട്ടെടുപ്പിനിടെ, തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇവിടെ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയും തമ്മിലാണ് പോര്. നന്ദിഗ്രാമിലെ ബൂത്തുകളിലൊന്നിൽ മമത വന്നതിനെച്ചൊല്ലി തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ വലിയ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. പുറത്തുനിന്നുള്ളവർ എത്തിയാണ് അക്രമം നടത്തിയതെന്ന് ഇരു കക്ഷികളും ആരോപിച്ചു.
വോട്ടർമാരെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് മമത ഗവർണർ ജഗ്ദീപ് ധൻഖറെ ഫോണിൽ വിളിച്ചു. ബൂത്ത് പിടിക്കുന്നതായി ആരോപണമുയർന്നശേഷമാണ് ഉച്ചക്ക് ബോയൽ മഖ്തബ് പ്രൈമറി സ്കൂളിലെ ഏഴാം നമ്പർ ബൂത്തിൽ മമത എത്തിയത്. ഇവിടെ മമത 40 മിനിറ്റോളം ഇരുന്നു. മമതയുടെ പരാതി പ്രത്യേക നിരീക്ഷകൻ അജയ് നായകിനും പൊലീസ് പ്രത്യേക നിരീക്ഷകൻ വിവേക് ദുബെക്കും കൈമാറിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. ഇതെല്ലാം പാകിസ്താനികളുടെ പണിയാണെന്നും 'ജയ് ബംഗ്ല' മുദ്രാവാക്യം ബംഗ്ലാദേശിെൻറതാണെന്നും സുവേന്ദു പറഞ്ഞു.
കേശ്പുരിൽ ബി.ജെ.പി വനിത ബൂത്ത് ഏജൻറിന് തൃണമൂലുകാരുടെ മർദനമേറ്റു. പശ്ചിമ ബംഗാളിലെ ഉലുബെരിയയിൽ സംസാരിക്കവെ, മമതക്കെതിരെ പരിഹാസവുമായി മോദി രംഗത്തുവന്നു. ''ദീദി, നിങ്ങൾ വേറൊരു മണ്ഡലത്തിൽ കൂടി മത്സരിക്കാൻ പോകുന്നുവെന്ന് കേൾക്കുന്നത് ശരിയാണോ'' എന്നാണ് മോദി ചോദിച്ചത്.
രണ്ടാംഘട്ടത്തിൽ 30 സീറ്റുകളിലും ബി.ജെ.പിയും തൃണമൂലും മത്സരിക്കുന്നുണ്ട്. സി.പി.എം 15 സീറ്റുകളിലും സഖ്യകക്ഷികളായ കോൺഗ്രസും ഐ.എസ്.എഫും 13ഉം രണ്ടും വീതം സീറ്റുകളിലും ജനവിധി തേടി.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന അസമിലെ സോണായ് മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ അമിനുൽ ഹഖ് ലശ്കറിെൻറ സുരക്ഷ ഭടൻമാരുടെ വെടിയേറ്റ് മൂന്നു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാചർ ജില്ലയിലെ പോളിങ് ബൂത്തിൽ ബി.ജെ.പി പ്രവർത്തകരും എ.െഎ.യു.ഡി.എഫ് അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
ലശ്കറിെൻറ സുരക്ഷ ഉദ്യോഗസ്ഥർ ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ആരോപണം.
അസമിൽ 73.03%, ബംഗാളിൽ 80.53%
അസമിലും ബംഗാളിലും രണ്ടാം ഘട്ടത്തിലും കനത്ത പോളിങ്. അസമിൽ 73.03 ശതമാനവും ബംഗാളിൽ 80.53 ശതമാനവുമാണ് പോളിങ്. അസമിൽ 39 മണ്ഡലങ്ങളിലും ബംഗാളിൽ 30 അസംബ്ലി മണ്ഡലങ്ങളിലുമാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

