‘ബുൾഡോസർ രാഷ്ട്രീയത്തിൽ ബംഗാൾ വിശ്വസിക്കുന്നില്ല’; കടുത്ത വിമർശനവുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: ബംഗാളിൽ തുടരുന്ന കൂട്ട ഒഴിപ്പിക്കൽ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്ത്. ബംഗാൾ ഒരുകാലത്തും ബുൾഡോസർ രാഷ്ട്രീയത്തെ പിന്തുണച്ചിട്ടില്ലെന്നും ഇത്തരം നടപടികൾ ബംഗാളിലെ ജനങ്ങളുടെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണന്നും മമത വ്യക്തമാക്കി.
"ടാഗോറിന്റെയും നേതാജിയുടെയും മണ്ണിൽ ഭയത്തിന്റെയോ ശക്തിപ്രകടനത്തിന്റെയോ ഭാഷ പ്രയോഗിക്കാൻ കഴിയില്ല. സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നടത്തുന്ന ഈ പൊളിച്ചുമാറ്റലുകൾ ബംഗാളിലെ ജനങ്ങളുടെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണ്. ദിവസവേതനക്കാരും തെരുവ് കച്ചവടക്കാരും ചെറുകിട വ്യാപാരികളും അടങ്ങുന്ന പാവപ്പെട്ട കുടുംബങ്ങൾ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ജീവിതമാണ് ഇവിടെ തച്ചുടക്കുന്നത്," മമത ബാനർജി സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൊൽക്കത്തയിലും സമീപ ജില്ലകളിലും അധികൃതർ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ഒഴിപ്പിക്കൽ നടപടികളുടെ പശ്ചാത്തലത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ തിൽജാലയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തമുണ്ടായ നിയമവിരുദ്ധ ഫാക്ടറി ഉൾപ്പെടെയുള്ള താൽക്കാലിക നിർമാണങ്ങൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
ഹൗറ സ്റ്റേഷൻ പരിസരത്ത് നടന്ന വൻ ഒഴിപ്പിക്കൽ നടപടിയും, തിൽജാല, പാർക്ക് സർക്കസ് തുടങ്ങിയ ഇടങ്ങളിൽ രൂപപ്പെട്ട ജനരോഷവും നിലവിലെ സർക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് മമത ആരോപിച്ചു. മാനുഷിക പരിഗണനയേക്കാൾ വെറും ബാഹ്യപ്രകടനങ്ങൾക്കാണ് ഭരണകൂടം പ്രാധാന്യം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, പൊതുസ്ഥലങ്ങളിലെ പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെച്ചൊല്ലി പാർക്ക് സർക്കസ് മേഖലയിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് കടുത്ത പിരിമുറുക്കം നിലനിന്നു. സമാനമായ രീതിയിൽ അസൻസോളിലെ പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയും വ്യാപക പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേൾക്കാൻ തയ്യാറാകുന്നതിന് മുമ്പ് പൊളിച്ചുനീക്കാൻ ധൃതികാട്ടുന്ന ഒരു ഭരണകൂടം ബംഗാളിന്റെ യഥാർത്ഥ സംസ്കാരത്തെയാണ് മറന്നിരിക്കുന്നതെന്ന് മമത ബാനർജി ഓർമ്മിപ്പിച്ചു. ഒരു സംസ്ഥാനത്തിന്റെ പുരോഗതി അളക്കേണ്ടത് അവിടുത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനങ്ങളോട് സർക്കാർ എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം. അല്ലാതെ അവരെ എത്ര വേഗത്തിൽ ഇല്ലാതാക്കുന്നു എന്നതിലല്ലെന്നും മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

