Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാർഥനകൾ തടസ്സപ്പെടുത്തി, പള്ളികൾ തകർത്തു; ബംഗാളിൽ ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ വ്യാപക അക്രമം

text_fields
bookmark_border
3 മാസത്തിനിടെ 35-ലധികം അക്രമ സംഭവങ്ങൾ
A vandalised house church entrance with religious markings following an attack in West Bengal.
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉൾഗ്രാമങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ചെറു ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ തുടർച്ചയായ അക്രമങ്ങളും ഭീഷണികളും വർദ്ധിച്ചുവരുന്നതായി അന്വേഷണാത്മക റിപ്പോർട്ട്. 'നിർബന്ധിത മതപരിവർത്തനം' ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകൾ പ്രാർഥന യോഗങ്ങൾ തടസ്സപ്പെടുത്തുകയും, പള്ളികളും വീടുകളും തകർക്കുകയും, വിശ്വാസികളെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുകയാണെന്ന് ഫാക്ട് ചെക്കിംഗ് പോർട്ടലായ 'ആൾട്ട് ന്യൂസ്' പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂലൈ മുതൽ സെപ്റ്റംബർ 20 വരെയുള്ള രണ്ടര മാസത്തിനിടെ ഇത്തരം 35-ലധികം അക്രമ സംഭവങ്ങളാണ് ആൾട്ട് ന്യൂസ് രേഖപ്പെടുത്തിയത്.

പല സംഭവങ്ങളിലും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അക്രമികൾക്കെതിരെ ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ബംഗിയ ക്രിസ്തീയ പരിഷേബ (ബി.സി.പി) സ്ഥാപകൻ ഹെറോൾഡ് മല്ലിക് ചൂണ്ടിക്കാട്ടി. അക്രമികളെ വെറുതെവിടുകയും ഇരകളായ വിശ്വാസികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് പലയിടത്തും സംഭവിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സർക്കാർ മൗനം പാലിക്കുകയാണെന്നും കുരിശുകൾ തകർക്കപ്പെടുകയും ആളുകൾ തല്ലിച്ചതയ്ക്കപ്പെടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾ കടുത്ത ഭയത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭ നിർബന്ധിത മതപരിവർത്തനത്തിന് പൂർണമായി എതിരാണെന്നും അത്തരം തെറ്റായ ആരോപണങ്ങൾ മനഃപൂർവം ചമയ്ക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പള്ളികളേക്കാൾ, ആദ്യ തലമുറ വിശ്വാസികൾ ഒത്തുകൂടുന്ന ചെറു പ്രാർഥന വീടുകളാണ് പ്രധാനമായും ആക്രമിക്കപ്പെടുന്നത്.

ഈസ്റ്റ് മിഡ്‌നാപ്പൂരിലെ ഖേജൂരിയിൽ സെപ്റ്റംബർ 20-ന് നടന്ന സംഭവത്തിൽ, മുപ്പതോളം വർഷമായി പ്രവർത്തിക്കുന്ന പള്ളിയിലേക്ക് 'ജയ് ശ്രീറാം' വിളികളോടെ ഇരച്ചുകയറിയ അൻപതോളം വരുന്ന ബജ്റംഗ് ദൾ-വി.എച്ച്.പി സംഘം പാസ്റ്ററുടെ കൊച്ചുമകനായ കുട്ടിയെയടക്കം മർദ്ദിക്കുകയും പള്ളി പൂട്ടി ഭിത്തികളിൽ 'റാം' എന്ന് എഴുതിവെക്കുകയും ചെയ്തു. 'ക്രിസ്തുമതം ഇന്ത്യൻ സംസ്കാരമല്ലെന്നും ബൈബിൾ എഴുതിയത് ഇന്ത്യയിലല്ലെന്നും' ആരോപിച്ചായിരുന്നു അക്രമം. ഹൗറയിലെ അംതയിൽ പ്രാർത്ഥന നടത്തിയ ദമ്പതികളെ വീടൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മാറാൻ സംഘം സമ്മർദ്ദം ചെലുത്തി. വെസ്റ്റ് മിഡ്‌നാപ്പൂരിലെ ദന്തനിൽ പ്രാർഥന തടസ്സപ്പെടുത്തിയ സംഘം, വിശ്വാസികളെ മരത്തിൽ കെട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബാങ്കുറയിലെ ജോയ്പൂരിൽ സ്കൂൾ അധ്യാപികയായ തുളസി ദാസ് എന്ന സ്ത്രീയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും, മാപ്പ് എഴുതി നൽകിയില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഊരുവിലക്ക് ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. സൗത്ത് 24 പർഗാനാസിലെ കുൽപിയിൽ വയോധികയുടെ കൈയിലുണ്ടായിരുന്ന ബൈബിൾ വലിച്ചുകീറുകയും, 'നാവ് പിഴുതെടുക്കും' എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. പൻസ്കുരയിൽ പ്രാർഥന തടഞ്ഞ് വിശ്വാസികളെ തുളസിത്തറയ്ക്ക് മുന്നിൽ നിർബന്ധിച്ച് വണങ്ങിക്കുകയും ഹരേ കൃഷ്ണ മന്ത്രം ജപിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങൾ അക്രമികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആൾട്ട് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹൗറയിലെ അംതയിലുണ്ടായ മറ്റൊരു സംഭവത്തിൽ, സ്വന്തം വീട്ടിൽ പ്രാർഥനയോഗം നടത്തിയിരുന്ന പുതുൽ മന്ന, കാഞ്ചൻ മന്ന എന്നീ ദമ്പതികൾക്ക് നേരെയാണ് അക്രമികൾ ഭീഷണി ഉയർത്തിയത്. ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം പൂർവിക സ്വത്തിൽ നിന്ന് നിർബന്ധിതമായി ഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വയസ്സുള്ള മകനെയടക്കം തെരുവിലിറക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും, ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന നിഷേധാത്മക നിലപാടാണ് ജോയ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സ്വീകരിച്ചത്.

വെസ്റ്റ് മിഡ്‌നാപ്പൂരിലെ ദന്തൻ താലൂക്കിലെ സിർണി ഗ്രാമത്തിലും ഞായറാഴ്ച പ്രാർഥന യോഗം തടസ്സപ്പെടുത്തുന്ന അവസ്ഥയുണ്ടായി. 'ജയ് ശ്രീറാം' മുഴക്കിയെത്തിയ കാവി വസ്ത്രധാരികളായ ഒരു സംഘം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ ആശാലത മുർമു അടക്കമുള്ളവരെ ഭീഷണിപ്പെടുത്തി. 'ക്രിസ്തുമതം ഒരു ഭാരതീയ മതമല്ലെന്നും സർക്കാർ പള്ളികളും മസ്ജിദുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും' പറഞ്ഞായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. സംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ വിസമ്മതിച്ച വിശ്വാസികളെ മരത്തിൽ കെട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി കൈയേറ്റം ചെയ്യുകയും ചെയ്തതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

സമാനമായ രീതിയിൽ ബാങ്കുറയിലെ ശ്യാംനഗറിൽ തുളസി ദാസ് എന്ന സ്കൂൾ അധ്യാപികയെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇവർ വീട്ടിലിരുന്ന് യേശുവിനോട് പ്രാർഥിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഹിന്ദു ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. താൻ ഒരു ഹിന്ദുവായി തുടരുമ്പോഴും രോഗശാന്തിക്കായി യേശുവിനോട് പ്രാർഥിക്കുക മാത്രമാണ് ചെയ്തതെന്ന് അവർ വ്യക്തമാക്കിയെങ്കിലും, ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് കുറ്റസമ്മത കത്ത് എഴുതി നൽകിയില്ലെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും നാട്ടിൽ നിന്ന് സാമൂഹികമായി ബഹിഷ്കരിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വം ഇത്തരം അതിക്രമങ്ങൾക്ക് വളം വെക്കുകയാണെന്നാണ് ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengal Christians attacked Hindutva outfits Alt News⁠, ⁠VHP Bajrang Dal attack church West Bengal ബംഗാൾ ക്രൈസ്തവർ അക്രമം വാർത്ത ആൾട്ട് ന്യൂസ്⁠, ⁠വിഎച്ച്പി ബജ്റംഗ് ദൾ പള്ളി ആക്രമണം പശ്ചിമ ബംഗാൾ
Next Story