കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ എതിരാളിയായ തൃണമൂൽ കോൺഗ്രസിെൻറ അഴിമതികൾ വിളിച്ചറിയിക്കാൻ ടോൾ ഫ്രീ നമ്പറുമായി ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷാണ് 'അഴിമതിക്കെതിരെ' എന്ന പേരിൽ ഇങ്ങനൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. 2021 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ നീക്കം.
തൃണമൂൽ കോൺഗ്രസിെൻറ വലിയ തോതിലുള്ള അഴിമതിയാൽ സംസ്ഥാനത്തെ ജനങ്ങൾ വലയുകയാണ്. തൃണമൂൽ കോൺഗ്രസ്നേതാക്കളുടേയോ സർക്കാറിേൻറേയാ അഴിമതിയിൽ പരാതിയുണ്ടെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.'' -ദിലീപ് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
7044070440 എന്ന നമ്പറിൽ വിളിച്ചാണ് പരാതി രേഖപ്പെടുത്തേണ്ടത്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ ഒന്നിച്ച് ചേർത്ത് കേന്ദ്ര സർക്കാറിന് കൈമാറുകയാണ് ലക്ഷ്യം. നിയമ സഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം ഡൽഹിയിൽ വിളിച്ചു ചേർത്ത നേതൃയോഗത്തിലാണ് തൃണമൂലിനെതിരെയുള്ള പരാതി സമാഹരിക്കാൻ ടോൾ ഫ്രീ നമ്പർ തുടങ്ങാൻ തീരുമാനിച്ചത്.
മേയ് മധ്യത്തോടെ സംസ്ഥാനത്ത് വീശിയടിച്ച അംപൻ ചുഴലിക്കാറ്റിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ധനസഹായം നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നു. ചുഴലിക്കാറ്റിൽ വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലാത്ത തൃണമൂൽ നേതാക്കളും ധനസഹായം കൈപ്പറ്റിയിട്ടുണ്ടെന്നും വലിയ തട്ടിപ്പാണ് നടന്നതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.