ബംഗാളിൽ ട്രൈബ്യൂണൽ അനുവദിച്ച മുസ്ലിം വോട്ട് വെട്ടാൻ വ്യാപക അപ്പീൽ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടപടികൾക്കുശേഷം വോട്ടർപട്ടികയിൽ ഇടംപിടിച്ചവരെ ഒഴിവാക്കാനായി ട്രൈബ്യൂണലുകൾക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട അപ്പീലുകൾ മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ടതാണെന്ന് കണക്കുകൾ. ജുഡീഷ്യൽ ഉദ്യോഗസ്ഥർ പരിശോധിച്ചു വോട്ടർപട്ടികയിൽ നിലനിർത്താൻ ഉത്തരവിട്ട വ്യക്തികളെ വീണ്ടും നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് അപ്പീലുകൾ നൽകിയിരിക്കുന്നത്.
മാൾഡയിലെ ചാഞ്ചൽ മണ്ഡലത്തിൽ എസ്.ഐ.ആറിൽ 73,901 വോട്ടർമാരുടെ രേഖകൾ സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചിരുന്നു. ജുഡീഷ്യൽ പരിശോധനക്ക് ശേഷം ഇതിൽ 69,731 പേരെയും യോഗ്യരായി കണ്ടെത്തി വോട്ടർപട്ടികയിൽ നിലനിർത്തി, 4,170 പേരെ മാത്രം പുറത്താക്കുകയും ചെയ്തു. ഇതിനുപിന്നാലെ, യോഗ്യരെന്ന് കണ്ടെത്തിയവരെ പുറത്താക്കാൻ 38,564 പുതിയ അപ്പീലുകൾ സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.
മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന മാൾഡ, മുർഷിദാബാദ് ജില്ലകളിലാണ് എസ്.ഐ.ആറിൽ ഉൾപ്പെട്ടവരെ വീണ്ടും പുറത്താക്കാൻ ശ്രമം നടക്കുന്നതെന്ന് ഓൺലൈൻ വാർത്ത പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. 75.44 ശതമാനം മുസ്ലിം ജനസംഖ്യയുള്ള സുജാപ്പൂരിൽ മാത്രം 61,285 അപ്പീലുകളാണ് വോട്ടർമാരെ ഒഴിവാക്കാനായി ഫയൽ ചെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപ്പീലുകൾ മുർഷിദാബാദിലാണ്. 3.26 ലക്ഷത്തിലധികം. സംസ്ഥാനത്തുടനീളം 38.31 ലക്ഷം അപ്പീലുകൾ ട്രൈബ്യൂണലുകളിൽ നിലവിലുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ 16.10 ലക്ഷം അപ്പീലുകൾ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ അംഗീകരിച്ച് വോട്ടർപട്ടികയിൽ ഇടംപിടിച്ചവരെ പുറത്താക്കാൻ വേണ്ടിയുള്ളതാണ്.
സംസ്ഥാനത്തെ 26 നിയമസഭാ മണ്ഡലങ്ങളിൽ, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. ട്രൈബ്യൂണലുകളുടെ പരിഗണനയിലുള്ള കേസുകളിൽ കുടുങ്ങിക്കിടക്കുന്ന 20 ലക്ഷത്തിലധികം ആളുകൾക്ക് ഫോം സിക്സ് വഴി വീണ്ടും അപേക്ഷിക്കാനുള്ള അവസരവും തെരഞ്ഞെടപ്പ് കമീഷൻ നിഷേധിച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാൾ: വീണ്ടും വെട്ടൽ
സംസ്ഥാനത്ത് ആകെ നിലവിലുള്ള അപ്പീലുകൾ: 38.31 ലക്ഷം; ഇതിൽ 16.10 ലക്ഷവും പട്ടികയിൽ ഇടംപിടിച്ചവരെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ളത്.
ഒഴിവാക്കാനുള്ള അപ്പീലുകൾ കൂടുതൽ വന്ന ജില്ലകൾ
മുർഷിദാബാദ്: (മുസ്ലിം ജനസംഖ്യ 66.27%): 3.26 ലക്ഷം
സുജാപൂർ (മുസ്ലിം ജനസംഖ്യ 75.44%): 61,285
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

