ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തങ്ങളെ പോലും ലാഭമാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാറെന്ന് രാഹുൽ കുറ്റപ്പെടുത്തി. ശ്രമിക് പ്രത്യേക ട്രെയിനുകളിലൂടെ 429.90 കോടി വരുമാനമുണ്ടായെന്ന റെയിൽവേ മന്ത്രി പിയൂഷ് ഗോയലിൻെറ പരാമർശത്തോടാണ് രാഹുലിൻെറ വിമർശനം.
രാജ്യത്തിന് മേൽ രോഗത്തിൻെറ മേഘങ്ങളാണ്. ജനങ്ങൾ ദുരിതത്തിലാണ്. എന്നാൽ പാവങ്ങളുടെ സർക്കാർ ദുരന്തത്തെ ലാഭമാക്കാനാണ് നോക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. റെയിൽവേയുടെ വരുമാനം സംബന്ധിച്ച റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
മെയ് ഒന്ന് മുതലാണ് റെയിൽവേ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ശ്രമിക് ട്രെയിനുകൾ ആരംഭിച്ചത്. ജൂലൈ ഒമ്പത് വരെ 4,496 ട്രെയിനുകളാണ് റെയിൽവേക്കായി സർവിസ് നടത്തിയത്.