ബെള്ളാരി വെടിവെപ്പ് സംഭവം; കോൺ. വസ്തുതാന്വേഷണ റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം
text_fieldsബംഗളൂരു: ബെള്ളാരിയിൽ പുതുവർഷദിനത്തിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവം സംബന്ധിച്ച് കോൺഗ്രസ് വസ്തുതാന്വേഷണ സമിതി തയാറാക്കിയ റിപ്പോർട്ട് ചെയർമാൻ എച്ച്.എം. രേവണ്ണ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചു. സംഘർഷ സാധ്യത അറിയുന്നതിലും ആക്രമണം കൈകാര്യം ചെയ്യുന്നതിലും ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഗൺമാന്മാർ അനുമതിയില്ലാതെ പ്രവർത്തിക്കുകയും അവർ സംഘർഷ മേഖലയിൽ വെടിവെപ്പ് നടത്തുകയും ചെയ്യുന്ന കാര്യം കോൺഗ്രസുകാരൻ വെടിയേറ്റ് മരിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് അറിഞ്ഞതെന്നത് അതി ഗുരുതരമാണ്.
കോൺഗ്രസ് പ്രവർത്തകനായ രാജശേഖറിന്റെ മരണത്തിൽ കലാശിച്ച ബെള്ളാരി ആക്രമണം ‘രാഷ്ട്രീയ അസൂയ’യിൽനിന്നാണ് രൂപപ്പെട്ടതെന്ന് സമിതി നിരീക്ഷിച്ചു. ‘പൊലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ’ പ്രശ്നം രൂക്ഷമാക്കി. രാഷ്ട്രീയക്കാർ സ്വകാര്യ തോക്കുധാരികളെ നിയമിക്കുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കജനകമാണ്. ബെള്ളാരിയിൽ മഹർഷി വാല്മീകി പ്രതിമ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും വലിയ പിന്തുണ നേടുകയും ചെയ്ത കോൺഗ്രസ് എം.എൽ.എ നര ഭാരത് റെഡ്ഡിക്കെതിരെ ബി.ജെ.പി നേതാക്കൾക്കുള്ള ‘രാഷ്ട്രീയ അസൂയ’യുടെ ഫലമാണ് ബെള്ളാരി ആക്രമണമെന്ന് കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു.
റായ്ച്ചൂർ എം.പി കുമാർ നായിക്, ചള്ളക്കെരെ എം.എൽ.എ ടി. രഘു മൂർത്തി, എം.എൽ.എമാരായ എഫ്.എച്ച്. ജക്കപ്പനവർ, ബസനഗൗഡ ബദർലി, മുൻ എം.പി ജയപ്രകാശ് ഹെഗ്‌ഡെ എന്നിവരടങ്ങുന്നതാണ് സമിതി. കമ്മിറ്റി അംഗങ്ങൾ ബെള്ളാരി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഭരത് റെഡ്ഡിയുടെയും ബി.ജെ.പി എം.എൽ.എ ഗാലി ജനാർദന റെഡ്ഡിയുടെയും അനുയായികൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് രാജശേഖർ കൊല്ലപ്പെട്ടത്. ജനാർദന റെഡ്ഡിയുടെ വീടിന് പുറത്ത് മഹർഷി വാല്മീകി പ്രതിമ അനാച്ഛാദന ചടങ്ങിൽ ബാനറുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായത്.
പ്രതികാരമായും പ്രകോപനപരമായും ഫ്ലെക്സ് ബോർഡുകൾ വലിച്ചെറിഞ്ഞതായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ബെള്ളാരി പൊലീസ് ഒന്നിലധികം എഫ്.ഐ.ആറുകൾ ഫയൽ ചെയ്യുകയും രണ്ട് രാഷ്ട്രീയ പാർട്ടികളിൽനിന്നുമായി 26 പേരെ അറസ്റ്റ് നടത്തുകയും ചെയ്തു. സി.ബി.ഐ അന്വേഷണം എന്ന ബി.ജെ.പിയുടെ ആവശ്യം സംസ്ഥാന സർക്കാർ നിരസിച്ചതായും റിപ്പോർട്ട് പരാമർശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ മോശമായി കൈകാര്യം ചെയ്തുവെന്നാരോപിച്ച് ബെള്ളാരി റേഞ്ച് ഡി.ഐ.ജി വർതിക കത്യറിനെ സർക്കാർ സ്ഥലം മാറ്റുകയും എസ്.പി പവൻ നെജ്ജൂറിനെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പയുടെ അടുപ്പക്കാരനും പ്രാദേശിക നേതാവുമായ ശ്രീധർ റെഡ്ഡി ഇപ്പോൾ ഭരത് റെഡ്ഡിയുടെ പാളയത്തിലായതിൽ ജനാർദന റെഡ്ഡി അസ്വസ്ഥനായിരുന്നുവെന്നും അതാണ് സംഘർഷം ഇത്ര വഷളാകാൻ ഒരു കാരണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു പ്രകോപനം ശ്രീരാമുലു പുതിയ പ്രതിമയെ എതിർക്കുകയും പരിപാടി ബഹിഷ്‌കരിക്കാൻ ആഹ്വാനം നടത്തുകയും ചെയ്തു എന്നതാണ്. അദ്ദേഹം ഇതിനകംതന്നെ ഒരു വാല്മീകി പ്രതിമ സ്ഥാപിച്ചിരുന്നു, പക്ഷേ, അത് സ്വകാര്യ സ്ഥലത്താണ്. പൊതു ഭൂമിയിൽ സ്ഥാപിക്കാൻ നിർദേശിച്ച പുതിയ പ്രതിമ എല്ലാവരും സ്വാഗതം ചെയ്തു. പൊലീസ് സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തർക്കത്തെക്കുറിച്ച് പൊലീസ് അറിഞ്ഞയുടനെ നിരോധനാജ്ഞകൾ നിലവിൽവരേണ്ടതായിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തിന് വിരുദ്ധമായി, ഒരു വാദപ്രതിവാദത്തിന് ‘സജ്ജമാണ്’ എന്ന് കമ്മിറ്റി പറഞ്ഞു. അവർ ലാത്തികളും മുളകുപൊടിയും സൂക്ഷിച്ചിരുന്നു. ഇത് സമിതി ശേഖരിച്ച വിഡിയോകളിൽനിന്ന് വ്യക്തമാണ്. കോൺഗ്രസ് പ്രവർത്തകർ ആയുധധാരികളായിരുന്നില്ല. ബി.ജെ.പി നേതാക്കളാണ് കോൺഗ്രസ് അനുയായികളെ പ്രകോപിപ്പിച്ചത്. സതീഷ് റെഡ്ഡിക്ക് പരിക്കേറ്റയുടൻ അദ്ദേഹത്തിന്റെ സ്വകാര്യ തോക്കുധാരികൾ ആകാശത്തേക്ക് വെടിയുതിർത്തു. ജനാർദന റെഡ്ഡിയുടെ ഓഫിസിന്റെ ടെറസിൽനിന്ന് ചില വെടിവെപ്പുകൾ നടന്നതായി ചില ദൃക്‌സാക്ഷികൾ അവകാശപ്പെട്ടു.
ഇത് തെളിയിക്കുന്ന വിഡിയോകളും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്ധ്ര ശൈലിയിലുള്ള സുരക്ഷാ പരിരക്ഷ എന്ന് വിശേഷിപ്പിച്ച സ്വകാര്യ തോക്കുധാരികളെ രാഷ്ട്രീയക്കാർ നിയമിക്കുന്നതിന്റെ വർധിച്ചുവരുന്ന ഭീഷണിയാണ് പാനൽ ഉന്നയിച്ച ഒരു പ്രധാന ആശങ്ക. ജനപ്രതിനിധി വെറുപ്പിന്റെയോ പ്രതികാരത്തിന്റെയോ രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ടയാളല്ല. മരിച്ചയാളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം, മരിച്ച തൊഴിലാളിയുടെ സഹോദരിക്ക് (വിധവ) വീട്, സർക്കാർ ജോലി എന്നിവ റിപ്പോർട്ടിൽ സർക്കാറിനോട് ശിപാർശ ചെയ്തിട്ടുണ്ട്.
ദലിത് യുവാവ് രക്തസാക്ഷി; വാല്മീകി പ്രതിമ മാപ്പുസാക്ഷി
ബംഗളൂരു: ബെള്ളാരിയിൽ പട്ടിക വർഗക്കാരനായ ദരിദ്ര യുവാവ് വെടിയേറ്റ് മരിക്കാൻ കാരണമായ 10 അടി പൊക്കമുള്ള വാല്മീകി പ്രതിമ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലൊന്നായ എസ്.പി സർക്കിളിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ കിടക്കുന്നു. ജനുവരി മൂന്നിന് നിശ്ചയിച്ചിരുന്ന ഇതിന്റെ അനാച്ഛാദനത്തിന് രണ്ടുദിവസം മുമ്പ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പരിപാടി പിന്നീട് നടന്നില്ല. ഇത് സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിൽ ജങ്ഷനിലെ രണ്ടാമത്തെ വാല്മീകി പ്രതിമയാകുമായിരുന്നു. ദശാബ്ദം മുമ്പ് സ്ഥാപിച്ച ആദ്യത്തെ പ്രതിമ മുൻ മന്ത്രി ബി. ശ്രീരാമുലുവിന്റെ ഓഫിസിന് മുന്നിലാണുള്ളത്.
ബെള്ളാരി സിറ്റി കോൺഗ്രസ് എം.എൽ.എ നരഭാരത് റെഡ്ഡി, വീതികൂട്ടി പുനർനിർമിച്ച ജങ്ഷനിൽ ‘വാല്മീകി അജ്ജ’ യുടെ പ്രതിമ നേതാക്കൾ സ്ഥാപിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഭരത് റെഡ്ഡി സ്വീകരിച്ച തന്ത്രങ്ങളിലൊന്നാണ് പ്രതിമ ഉദ്ഘാടനം എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ, ജനുവരി ഒന്നിന് ഖനി മുതലാളി ഗാലി ജനാർദൻ റെഡ്ഢിയുടെ വസതിയിൽ വെടിവെപ്പുണ്ടായ സംഭവം ഭരത് റെഡ്ഢിക്കും കോൺഗ്രസിനും വലിയ തിരിച്ചടിയായി. സംഘർഷം തടയുന്നതിൽ പൊലീസിന്റെ പരാജയവും ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാറിന്റെ കഴിവില്ലായ്മയുടെ തെളിവായി ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസിനെ ലക്ഷ്യം വെക്കുകയാണ് ബി.ജെ.പി നേതാക്കൾ.
സാഹചര്യം അപക്വമായി കൈകാര്യം ചെയ്തതിലൂടെ അദ്ദേഹം ബി.ജെ.പിയുടെ കൈകളിൽ കളിക്കുകയായിരുന്നു എന്ന് പറയുന്നു. ഭരത്, അച്ഛൻ സൂര്യനാരായണൻ എന്നീ നര കുടുംബവും ജനാർദൻ, കരുണാകർ, സോമശേഖർ എന്നീ റെഡ്ഢി സഹോദരന്മാരും ശ്രീരാമുലുവുമായുള്ള കുടുംബവും രണ്ട് പതിറ്റാണ്ടിലേറെയായി തർക്കത്തിലായിരുന്നു. ആ വിദ്വേഷം ഇപ്പോൾ ബെള്ളാരിയിലെ തെരുവുകളിലേക്കും വ്യാപിക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഈയിടെ ജില്ല സന്ദർശിച്ചപ്പോൾ ഭരതിനെ അകറ്റിനിർത്തിയതായി റിപ്പോർട്ടുണ്ട്.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾക്ക് ജനാർദന റെഡ്ഢിയെയാണ് ശ്രീരാമുലു അടുത്തിടെ വരെ കുറ്റപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ബി.ജെ.പി നേതാക്കൾ പറയുന്നത് ഈ സംഭവം തങ്ങളെ ഒന്നിപ്പിച്ചിരിക്കുന്നുവെന്നാണ്. ജനാർദന റെഡ്ഢിയുടെ വീടിനു നേരെ വെടിയുതിർത്തതിലൂടെ, കോൺഗ്രസ് അദ്ദേഹത്തിന് ആളുകളുമായി വൈകാരികമായി ബന്ധപ്പെടാനുള്ള അവസരം നൽകി. അദ്ദേഹത്തിന്റെ ഭൂതകാലത്തെ വിമർശിക്കുന്നവർ പോലും ഇപ്പോൾ അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

