ബെളഗാവി അതിർത്തി തർക്കം ദേശീയ ശ്രദ്ധയിലേക്ക്
text_fieldsബംഗളൂരു: സംഘർഷ സാഹചര്യം രൂപപ്പെട്ട ബെളഗാവി അതിർത്തിയിലെ തർക്കം സംബന്ധിച്ച് ബുധനാഴ്ച ലോക്സഭയിൽ ബഹളം. ബി.ജെ.പിയുടെയും എൻ.സി.പി, ശിവസേനയുടെയും നേതാക്കൾ തമ്മിലാണ് ശൂന്യവേളയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നത്. ബഹളത്തിനൊടുവിൽ എൻ.സി.പി നേതാക്കളും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാക്കളും ലോക്സഭയിൽനിന്നിറങ്ങിപ്പോയി. എൻ.സി.പിയുടെ സുപ്രിയ സുലെയാണ് വിഷയം ആദ്യം സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്.
കർണാടകയിൽ പ്രവേശിക്കുന്നതിനിടെ മറാത്തികളായ ആളുകൾ മർദനത്തിനിരയായതായി അവർ ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരിക്കുന്നത്. എന്നിട്ടും മഹാരാഷ്ട്രയിലെ ജനങ്ങൾക്കെതിരായാണ് കർണാടക മുഖ്യമന്ത്രി സംസാരിക്കുന്നത്. മഹാരാഷ്ട്രക്കെതിരായി ഗൂഢാലോചന നടക്കുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് കഴിഞ്ഞദിവസം മർദനമേറ്റു. ഇതനുവദിക്കാനാവില്ല. ഇതൊരൊറ്റ രാജ്യമാണ്. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
സുപ്രിയയുടെ പ്രസ്താവനെക്കതിരെ കർണാടകയിലെ ബി.ജെ.പി എം.പിമാർ എഴുന്നേറ്റ് ബഹളംവെച്ചു. ഇതിനിടെ മഹാരാഷ്ട്രയിൽനിന്നുള്ള എൻ.സി.പി, ശിവസേന എം.പിമാർ കർണാടക സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. ഇതോടെ സ്പീക്കർ ഓം ബിർല ഇടപെട്ടു. തുടർന്ന് എൻ.സി.പി, ശിവസേന എം.പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, അതിർത്തിയിലെ തർക്കം സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർ ഫോണിൽ ചർച്ച നടത്തി. മേഖലയിൽ സമാധാനം നിലനിർത്താൻ തീരുമാനിച്ചെങ്കിലും കർണാടകയുടെ നിലപാടിൽ മാറ്റമില്ലെന്ന് ബൊമ്മൈ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി താനുമായി ചർച്ച നടത്തിയതായും ഇരു സംസ്ഥാനങ്ങളും അതിർത്തിയിൽ ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും ബൊമ്മൈ പറഞ്ഞു. ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ സൗഹൃദത്തിന് ഒരു കുറവും വരില്ല. വിഷയം സുപ്രീംകോടതിയിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അതിർത്തി വിഷയത്തിൽ സർവകക്ഷിയോഗത്തിന് സമയമായില്ലെന്നും സംസ്ഥാന സർക്കാർ വിഷയം നിയമപരമായി നേരിടുമെന്നും കർണാടക മന്ത്രി ഗോവിന്ദ് കർജോൽ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർവകക്ഷിയോഗം വിളിക്കാത്തതിനെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിമർശിച്ചതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. എപ്പോൾ യോഗം വിളിക്കണമെന്ന് ബി.ജെ.പിക്കറിയാം. അത്തരമൊരു സാഹചര്യം വന്നാൽ വിളിക്കും. ഇപ്പോൾ സമയമായിട്ടില്ല. മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കാർ നാടകം കളിക്കുകയാണ്. ഞങ്ങൾ അതിലെ അഭിനേതാക്കളല്ല- അദ്ദേഹം പറഞ്ഞു.
ബെളഗാവി കേന്ദ്രഭരണ പ്രദേശമാക്കണം- സഞ്ജയ് റാവത്ത്
ബംഗളൂരു: അതിർത്തി തർക്കം നിലനിൽക്കുന്ന ബെളഗാവി മേഖല കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ബെളഗാവി വിഷയത്തിൽ കർണാടക സർക്കാറിനെ കേന്ദ്രം പിന്തുണക്കുകയാണെന്ന് പരോക്ഷമായി സൂചിപ്പിച്ച അദ്ദേഹം, കേന്ദ്രത്തിൽനിന്നുള്ള പിന്തുണയില്ലാതെ ബെളഗാവിയിലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറില്ലെന്ന് കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര ഏകീകരൺ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മറാത്തികൾക്കെതിരായ ആക്രമണത്തിനെതിരെ ഉയിർത്തെണീക്കണം. ബെളഗാവിയും സമീപത്തെ മറാത്തി സംസാരിക്കുന്ന മേഖലകളും കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം. മറാത്തി ജനങ്ങൾ എൻ.സി.പി നേതാവ് ശരദ്പവാറിനൊപ്പം ബെളഗാവിയിലേക്ക് തിരിക്കാൻ തയാറാണെന്നും റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

