ന്യൂ ഡൽഹി: രാജ്യസഭയിലെ തൻെറ കന്നിപ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. തൊഴിലില്ലായ്മയെക്കാൾ നല്ലതാണ് തെരുവു കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. മോഡിയുടെ പക്കവട പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം വിമർശിച്ചതിനെതിരായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം.
മുദ്രാ സ്കീമിനു കീഴിൽ യുവാക്കൾ പക്കാവട വിൽക്കുകയാണെന്ന ചിദംബരം സാറിൻെറ ട്വീറ്റ് ഞാൻ വായിച്ചു. ഇതൊരു ജോലിയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഭിക്ഷയെടുത്തല്ലാതെ തൊഴിലെടുത്ത് സമ്പാദിക്കുന്നതാണ് നല്ലത്. അവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും- അമിത് ഷാ വ്യക്തമാക്കി.
ഒരു ചായക്കാരൻെറ മകൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നി പ്രസംഗത്തിൽ എൻ.ഡി.എ സർക്കാറിൻെറ പദ്ധതികളെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.
ഇന്ത്യയിൽ പക്കാവട വിൽക്കുന്നവർക്ക് പോലും 200 രൂപ കൂലിയുണ്ടെന്നും അതുകൊണ്ട് അയാളെയും തൊഴിലുള്ളവനായി കണക്കാക്കാമെന്നും ഒരു ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ പെങ്കടുത്ത റാലിസ്ഥലത്ത് ബിരുദ മേലങ്കിയണിഞ്ഞ് എത്തിയ കോളജ് വിദ്യാർഥികൾ പക്കാവട വിറ്റ് പ്രതിഷേധിച്ചിരുന്നു.
അഭ്യസ്തവിദ്യർ തൊഴിലിനുവേണ്ടി അലയുേമ്പാൾ അവരെ അധിക്ഷേപിക്കുന്ന പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ആരോപിച്ചാണ് മോദി പക്കാവട, അമിത് ഷാ പക്കാവട, യെദിയൂരപ്പ പക്കാവട എന്നീ പേരുകളിൽ വിദ്യാർഥികൾ പക്കാവട വിറ്റത്.