യു.പിയിലെ വിവാഹ സൽക്കാരത്തിൽ ‘ബീഫ് കറി’; സംഘർഷം, മതവികാരം വ്രണപ്പെടുത്തിയെന്ന് കാറ്ററിങ്ങുകാരനെതിരെ പരാതി
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ അലീഗഢിലെ സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിലെ ഭക്ഷണ കൗണ്ടറിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലി സംഘർഷം. ഞായറാഴ്ച രാത്രിയായിരുന്നു വിവാഹ സൽക്കാരം. വിവാഹത്തിനെത്തിയ ആകാശ്, ഗൗരവ് കുമാർ എന്ന രണ്ടുപേർ ഇത് ചൂണ്ടിക്കാട്ടി പ്രശ്നമുണ്ടാക്കുകയും ഇതിന്‍റെ വീഡിയോ പകർത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സംഘർഷമായി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) ഫോറൻസിക് പരിശോധനക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിങ് നടത്തുന്നയാൾക്കെതിരെ രേഖാമൂലം പരാതി നൽകി. ഇതേതുടർന്ന് കാറ്ററിങ് ജീവനക്കാരനെയും മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത പൊലീസ് രാത്രി വൈകി ഇവരെ വിട്ടയച്ചു.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ച് മാംസത്തിന്റെ സ്വഭാവം സ്ഥിരീകരിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കിൾ ഓഫീസർ സർവം സിങ് പറഞ്ഞു. പോത്തിറച്ചി, പശു മാംസം എന്നിവക്ക് പകരമായി ‘ബീഫ്’ എന്ന പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി മേഖലയിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാകുകയും ഇത് സംഘർഷത്തിന് കാരണമാകുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറയുന്നു.
പുതിയ സംഭവത്തെക്കുറിച്ച് വാർത്ത പരന്നതോടെ കർശന നടപടി ആവശ്യപ്പെട്ട് ബി.ജെപി പ്രവർത്തകർ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
സ്റ്റേഷനിലെത്തിയ ബി.എസ്.പി നേതാവ് സൽമാൻ ഷാഹിദ്, ബി.ജെ.പി പ്രവർത്തകർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയവുമായ രീതിയിൽ പ്രവർത്തിച്ചെന്ന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

