ബീഫ് വിറ്റുവെന്നാരോപിച്ച് സംഘർഷം; ഒഡീഷ നഗരത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു, നിരോധനാജ്ഞ പ്രഖ്യാപിച്ചു
text_fieldsഭുവനേശ്വർ: ഒഡീഷയിലെ റീജന്റ് മാർക്കറ്റ് പ്രദേശത്ത് ബീഫ് വിൽപനയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സുന്ദർഗഢ് നഗരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നു.
പ്രദേശത്ത് ബി.എൻ.എസ് വകുപ്പ് 163 പ്രകാരം ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെക്കുകയും ചെയ്തു. മുൻകരുതൽ നടപടിയായി നഗരത്തിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. റീഗന്റ് മാർക്കറ്റ് ഭാഗത്ത് സംഘർഷം റിപ്പോർട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
നാരി കല്യാൺ കേന്ദ്രത്തിന് സമീപമുള്ള ഇറച്ചിക്കടയിൽ ബീഫ് വിൽക്കുകയാണെന്നാരോപിച്ച് ഭജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സംഘർഷത്തിനിടെ അക്രമിസംഘം പിക്ക് അപ് വാൻ കത്തിക്കുകയും ഒരു കാറും സ്കൂട്ടറും നശിപ്പിക്കുകയും ചെയ്തു. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചതായി സുന്ദർഗഡ് കലക്ടർ ശുഭാങ്കർ മൊഹാപത്ര സ്ഥിരീകരിച്ചു.
സുരക്ഷാ കാരണങ്ങളാൽ സ്കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. അതിനുശേഷം സമാധാന സമിതി രൂപീകരിച്ച് അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും. പ്രദേശത്തുടനീളം ക്രമസമാധാനം നിലനിർത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

