2024ലെ തെരഞ്ഞെടുപ്പിൽ ഷിൻഡെ നയിക്കും -ഫഡ്നാവിസ്
text_fieldsമുംബൈ: 2024ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലായിരിക്കും മത്സരമെന്ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. നേരത്തെ, ഏക്നാഥ് ഷിൻഡെയുടെ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ തനിക്ക് ഞെട്ടലുണ്ടായിട്ടില്ല. എന്നാൽ ഉപമുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചത് ഞെട്ടിപ്പിച്ചു. പുതിയ സർക്കാറിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നില്ല.
മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാൻ കാരണം വഞ്ചനയ്ക്കുള്ള പ്രതികാരമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ഞാൻ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുപ്പിനെ നേരിടും. വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും -ഫഡ്നാവിസ് പറഞ്ഞു.
താനുമായി കൂടിയാലോചിച്ച ശേഷമാണ് ഷിൻഡെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. തന്നോട് ആലോചിച്ച ശേഷമാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. പുതിയ സർക്കാരിൽ തനിക്ക് ഒരു സ്ഥാനം ആവശ്യമില്ലായിരുന്നു. എന്നാൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നോട് ഉപമുഖ്യമന്ത്രിയാകാൻ നിർദേശിക്കുകയായിരുന്നു -ഫഡ്‌നാവിസ് പറഞ്ഞു.