'തന്ത്രജ്ഞർ പറയുന്നു, അദ്ദേഹം തോൽക്കുമെന്ന്'; കെ. ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ
text_fieldsമഹേശ്വരം(തെലങ്കാന): തെലങ്കാനയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പോരാട്ടം ഇപ്പോഴേ ചൂടുപിടിച്ചുകഴിഞ്ഞു. കോൺഗ്രസും ബി.ജെ.പിയും തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) പരസ്പരം വെടിയുതിർത്തു തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെയാണ് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജഞർ പറയുന്നത് കെ. ചന്ദ്രശേഖർ റാവു തോൽക്കുമെന്നാണെന്നും അത് പറയാൻ തന്ത്രജഞരുടെ ആവശ്യമില്ലെന്നും തെലങ്കാനയിലെ യുവാക്കൾ നിങ്ങളെ പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു.
തെലങ്കാനയിൽ നടന്ന 'പ്രജാ സംഗ്രാമ യാത്ര' രണ്ടാം ഘട്ടത്തിന്റെ സമാപന ദിവസം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ.
സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന് പിന്തുണ അറിയിക്കാൻ ഫോൺ നമ്പറിൽ മിസ്ഡ് കോൾ നൽകാൻ അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാണിച്ച ആഭ്യന്തര മന്ത്രി അവ പാലിക്കപ്പെട്ടോയെന്ന് സദസ്സിനോട് ചോദിച്ചു. 'ജലം, ഫണ്ട്, ജോലികൾ എന്നിവക്ക് കെ.സി.ആർ വാഗ്ദാനം ചെയ്തിരുന്നതായി തെലങ്കാനയിലെ ജനങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ എന്തെങ്കിലും പാലിച്ചിട്ടുണ്ടോ? ഞങ്ങൾ ആ വാഗ്ദാനങ്ങൾ നിറവേറ്റും. ഞങ്ങൾ വെള്ളവും ഫണ്ടും ജോലിയും നൽകും' -ഷാ പറഞ്ഞു.
കെ.സി.ആർ അധികാരം നൽകിയത് മക്കൾക്കാണെന്നും ജനപ്രതിനിധികൾക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ആർ.എസ് കാറിന്റെ സ്റ്റിയറിംഗ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കൈയിലാണെന്നും ഷാ ആരോപിച്ചു. 13 വർഷമായി പൊതുരംഗത്തുള്ള താൻ ഇതിലും മോശമായ ഒരു സർക്കാരിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

