Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാടിയും നിഖാബും സിഗ്നൽ...

താടിയും നിഖാബും സിഗ്നൽ ആപ്പും തീവ്രവാദ ലക്ഷണങ്ങൾ; ഗുജറാത്ത് പൊലീസിന്റെ മാർഗ്ഗരേഖ പുറത്ത്

text_fields
bookmark_border
താടിയും നിഖാബും സിഗ്നൽ ആപ്പും തീവ്രവാദ ലക്ഷണങ്ങൾ; ഗുജറാത്ത് പൊലീസിന്റെ മാർഗ്ഗരേഖ പുറത്ത്
cancel

ന്യൂഡൽഹി/അഹമ്മദാബാദ്: പെട്ടെന്ന് താടി വളർത്തുന്നതും നിഖാബ് ധരിക്കുന്നതും സിഗ്നൽ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ ഉപയോഗിക്കുന്നതും തീവ്രവാദ ലക്ഷണമെന്ന ഗുജറാത്ത് പൊലീസിന്റെ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ വിവാദത്തിൽ. സംസ്ഥാനത്ത് പുതുതായി പ്രവർത്തനമാരംഭിച്ച ‘ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ’ (എ.ആർ.സി) ഭാഗമായാണ് ഇന്റലിജൻസ് സൂപ്രണ്ട് പ്രഫുൽ വാനിയ ജൂൺ 15ന് ഈ വിചിത്രമായ മാർഗ്ഗരേഖ പുറത്തിറക്കിയത്.

മുസ്‍ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടും അവരുടെ മതപരമായ ആചാരങ്ങളെ സുരക്ഷാ ഭീഷണിയായി ചിത്രീകരിച്ചും തയ്യാറാക്കിയ മാർഗ്ഗരേഖയിൽ, സംസ്ഥാനത്ത് അരങ്ങേറുന്ന പശു സംരക്ഷണ ഗുണ്ടായിസത്തെക്കുറിച്ചോ തീവ്ര ഹിന്ദുത്വ സംഘടനകളുടെ കൊലവിളികളെക്കുറിച്ചോ യാതൊരു പരാമർശവുമില്ല.

ആരാണ് ‘റാഡിക്കലൈസ് ചെയ്യപ്പെട്ട വ്യക്തി’?

ഗുജറാത്ത് പൊലീസിന്റെ നോട്ടീസ് പ്രകാരം റാഡിക്കലൈസ് ചെയ്യപ്പെട്ട വ്യക്തിയുടെ നിർവചനം ഇങ്ങനെയാണ്:

‘തീവ്രവാദ പ്രത്യയശാസ്ത്രങ്ങളാൽ നയിക്കപ്പെട്ട്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്ക് ഹാനി വരുത്തുന്ന തരത്തിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ജനങ്ങൾക്കിടയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും, യുക്തിസഹമായി ചിന്തിക്കുന്ന ഒരു വ്യക്തിയെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന, സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുന്ന വ്യക്തിയാണ് റാഡിക്കലൈസ് ചെയ്യപ്പെട്ടയാൾ’

പൊലീസിന്റെ നിരീക്ഷണ പട്ടികയിലെ ലക്ഷണങ്ങൾ

സെല്ലിന്റെ മാർഗ്ഗരേഖയിൽ വ്യക്തികളുടെ പെരുമാറ്റവും വാങ്ങലുകളും അടിസ്ഥാനമാക്കി നിരീക്ഷിക്കേണ്ട കാര്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിരത്തുന്നുണ്ട്.

പെട്ടെന്ന് താടി വളർത്തുക, നിഖാബ് ധരിക്കുക, സംഭാഷണങ്ങളിൽ അറബി വാക്കുകൾ അമിതമായി ഉപയോഗിക്കുക, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള സമ്പർക്കം കുറക്കക, ആഗോളതലത്തിൽ മുസ്‍ലിം കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ ശക്തമായ അമർഷം പ്രകടിപ്പിക്കുക, ഭീകരവാദികളെ പുകഴ്ത്തുക, ഗൾഫ് രാജ്യങ്ങൾ അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ യാത്രകൾക്ക് ശേഷം സ്വഭാവത്തിൽ മാറ്റമുണ്ടാകുക.

സാങ്കേതികവിദ്യയുടെ ഉപയോഗം: വി.പി.എൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, സിഗ്നൽ, എലമെന്റ് തുടങ്ങിയ എൻക്രിപ്റ്റഡ് മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുക. കൃത്യമായ വരുമാന സ്രോതസ്സില്ലാതെ ക്രിപ്റ്റോകറൻസി ഉപയോഗിക്കുക.

വാങ്ങലുകളും സന്ദർശനങ്ങളും: പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അമോണിയം നൈട്രേറ്റ് അടങ്ങിയ വളങ്ങൾ വാങ്ങുക, എൽ.പി.ജി സിലിണ്ടറുകൾ ശേഖരിക്കുക, കാടുകൾ പോലുള്ള വിജനമായ പ്രദേശങ്ങൾ അടിക്കടി സന്ദർശിക്കുക, വലിയ തുകകൾ ബാങ്കിൽ നിന്ന് പിൻവലിക്കുക.

മതപരമായ കാര്യങ്ങൾ: അറബിക് കോളജുകളും മദറസകളും സന്ദർശിക്കുക, പള്ളികളിൽ ‘ഇഅ്തികാഫ്’ (ഭജനമിരിക്കൽ) അനുഷ്ഠിക്കുക, ഇസ്‍ലാമിക ബാധ്യതയെന്ന് ചൂണ്ടിക്കാട്ടി പെട്ടെന്ന് പഠനമോ ജോലിയോ ഉപേക്ഷിക്കുക, ജയിൽ മോചിതരായ ശേഷം തീവ്ര സ്വഭാവമുള്ള നേതാക്കളെ സന്ദർശിക്കുക.

ഇതിനുപുറമെ, മദ്റസകളിൽ പഠിപ്പിക്കുന്ന മൗലാനമാരുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് ഡയറക്ടറി തയ്യാറാക്കാനും തീവ്ര പ്രത്യയശാസ്ത്രമുള്ള സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരവുണ്ട്. സലഫി, വഹാബി ചിന്താധാരകളിൽ ഉള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.

കൗൺസിലിങും യു.എ.പി.എയും

മാർഗ്ഗരേഖയിലെ ‘ഇന്റർവെൻഷൻ - കൗൺസിലിംഗ് ആൻഡ് ഗൈഡൻസ്’ഘട്ടത്തിൽ, സ്വാധീനമുള്ള കമ്മ്യൂണിറ്റി നേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, എൻ.ജി.ഒകൾ, മതപണ്ഡിതർ, മനശാസ്ത്രജ്ഞർ എന്നിവരെ ഉൾപ്പെടുത്തി കൗൺസിലിങ് നടത്താൻ നിർദ്ദേശിക്കുന്നു. കൗൺസിലിങിന് വിധേയരാകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഇവരെ വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്നും പറയുന്നുണ്ടെങ്കിലും, കൗൺസിലിംഗിന് ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുനിഞ്ഞാൽ ഭാരതീയ ന്യായ സംഹിത, യു.എ.പി.എ എന്നിവ പ്രകാരം കർശന നിയമനടപടി സ്വീകരിക്കും.

പദ്ധതിക്ക് പിന്നിൽ പതിറ്റാണ്ടിന്റെ ചരിത്രം

ഗുജറാത്തിൽ ഈ സെൽ ഇപ്പോഴാണ് ഔദ്യോഗികമായി രൂപം കൊള്ളുന്നതെങ്കിലും ഇതിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2015ൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ നടന്ന ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും കോൺഫറൻസിൽ തെലങ്കാന പൊലീസിന്റെ മാതൃക അവതരിപ്പിച്ചാണ് ഈ ആശയം ഉയർന്നുവന്നത്. പിന്നീട് 2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത്തരം ഒരു സെൽ രൂപവതകരിക്കാൻ ശുപാർശ ചെയ്തു.

തുടർന്ന് 2022-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പി ഇത് ഉൾപ്പെടുത്തി. രാഷ്ട്രീയ രക്ഷാ യൂനിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയും എ.ടി.എസ്, ക്രൈംബ്രാഞ്ച്, അഹമ്മദാബാദ് സെൻട്രൽ ജയിൽ അധികൃതരും അടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചെങ്കിലും ഫണ്ട് ദൗർലഭ്യം മൂലം പദ്ധതി വൈകി.

2023ൽ ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച്, 2026 ഏപ്രിലിൽ ഗുജറാത്ത് ആഭ്യന്തര വകുപ്പ് സെല്ലിലേക്ക് 139 പുതിയ തസ്തികകൾ അനുവദിച്ചതോടെയാണ് സെൽ പൂർണ സജ്ജമായത്. ജില്ലാ പൊലീസ് യൂണിറ്റുകൾ, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ജയിൽ അധികൃതർ, സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ എന്നിവരുമായി ചേർന്നാണ് ഈ സെൽ പ്രവർത്തിക്കുന്നത്.

ഗുജറാത്ത് പൊലീസിന്റെ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിവാദ മാർഗ്ഗരേഖയെക്കുറിച്ചും വർഗീയ പ്രൊഫൈലിങ് ആരോപണങ്ങളെക്കുറിച്ചും വിശദീകരണം തേടി ഗുജറാത്ത് ഇന്റലിജൻസ് ഡി.ഐ.ജി ഡോ. സുധീർകുമാർ ജെ. ദേശായിയെ മാധ്യമങ്ങൾ ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrasaGujarat policeniqabbeard
News Summary - Beard, Niqab And Signal App Listed As Terror Signs In Gujarat Police Anti-Radicalisation Guidelines
Next Story