നീതിയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
text_fieldsബംഗളൂരു: കേവലം നിയമപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം നീതിബോധവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കാൻ പുതിയ നിയമബിരുദധാരികളോട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത്. ബംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ 34മത് വാർഷിക ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപഠനം എന്നത് ക്രിമിനൽ അല്ലെങ്കിൽ ഭരണഘടനാ നിയമങ്ങളുടെ തത്വങ്ങൾ പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, വ്യത്യസ്ത കാഴ്ചപ്പാടുകളെയും സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരെയും മനസ്സിലാക്കാൻ അത് വിദ്യാർഥികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നിയമവൃത്തി എന്നത് ഹൃദയതുടിപ്പുള്ളവർക്ക് മാത്രമുള്ളതല്ലെന്നും, അതിന് നിയമങ്ങളുടെയും മുൻവിധികളുടെയും മേൽക്കോയ്മ മാത്രമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും, പലപ്പോഴും കേൾക്കപ്പെടാതെ പോകുന്നവരുടെ ശബ്ദം കേൾക്കാനുള്ള വിനയവും ഒരു അഭിഭാഷകന് ഉണ്ടായിരിക്കണം.
എളുപ്പവഴികൾ തേടിയോ സൗകര്യങ്ങൾക്കുവേണ്ടിയോ സ്വന്തം തത്വങ്ങളിൽ വെള്ളം ചേർക്കരുതെന്ന് അദ്ദേഹം ബിരുദധാരികൾക്ക് മുന്നറിയിപ്പ് നൽകി.അനീതി തിരുത്തുന്നതിലൂടെയും വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനയും സംരക്ഷിക്കുന്നതിലൂടെയും അഭിഭാഷകർക്ക് വലിയ സംതൃപ്തി നേടാൻ സാധിക്കും.കേവലം നിയമവ്യക്തികൾ എന്നതിലുപരി, രാജ്യത്തിന്റെ പ്രത്യാശയുടെ ദൂതന്മാരായി മാറാൻ പുതിയ തലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, വാർഷിക ബിരുദദാന ചടങ്ങ് എല്ലാ പ്രതിസന്ധികളെയും അതിജീഭിച്ച് നിശ്ചയിച്ച പ്രകാരം നടന്നു. ചടങ്ങിന് മുന്നോടിയായുള്ള ആഴ്ചകളിൽ ചില ‘ബാഹ്യശക്തികളുടെ’ ഇടപെടൽ മൂലം അപ്രതീക്ഷിതവും ദുരൂഹവുമായ സാഹചര്യങ്ങളും അനിശ്ചിതത്വവും ഉടലെടുത്തിരുന്നുവെന്ന് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ ചടങ്ങ് ഉദ്ദേശിച്ച രീതിയിൽ നടക്കുമോയെന്ന് പോലും ആശങ്കയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബിരുദദാനം സുഗമമായി നടന്നു. ഫാക്കൽറ്റി അംഗങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും ബിരുദധാരികളുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിദ്യാർത്ഥികൾക്ക് ബിരുദം സമ്മാനിച്ചത്.
ചടങ്ങിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമബിരുദധാരികൾ ഭരണഘടന സംരക്ഷിക്കാനും പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു. പരിപാടിയിൽ പങ്കെടുക്കാനായത് അഭിമാനകരമാണെന്ന് പിന്നീട് അദ്ദേഹം എക്സിൽ കുറിച്ചു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യ കാന്ത്, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വിഭു ബഖ്രു, വൈസ് ചാൻസലർ ഡോ. സുധീർ കൃഷ്ണ സ്വാമി എന്നിവരുടെ സാന്നിധ്യം ചടങ്ങിന്റെ ഗൗരവം വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
നിയമം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, മറിച്ച് ഭരണഘടന സംരക്ഷിക്കുന്നതിനും സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നതിനുമുള്ള വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

