ബി.ബി.സിയുടെ ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററി; കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശനം തടഞ്ഞത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. മാധ്യമപ്രവർത്തകൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എന്നിവരുടെ സംയുക്ത ഹരജിയും അഡ്വ. എം.എൽ ശർമ സമർപ്പിച്ച ഹരജിയും പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്റെ യഥാർഥ രേഖകൾ അടുത്ത വാദം കേൾക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഡോക്യുമെന്ററി നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് അഭിഭാഷകനായ എം.എൽ ശർമ പറഞ്ഞു. ദുരുദ്ദേശ്യപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിയിലൂടെ സമൂഹമാധ്യമങ്ങളിൽനിന്ന് ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്‌തെന്നും എം.എൽ ശർമ ആരോപിച്ചു.
ഐ.ടി നിയമം 2021 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ചാണ് ജനുവരി 21ന് ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ലിങ്കുകൾ പങ്കിടുന്നതും യൂ ട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും കേന്ദ്രസർക്കാർ തടഞ്ഞത്. ഇതേ തുടർന്ന് രാജ്യത്തെ വിവിധ സർവലാശാലകളിൽ വിദ്യാർഥികൾ ഡോക്യുമെന്ററി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ സംഘ്പരിവാർ സംഘടനകൾ രംഗത്തുവരികയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

