ബി.ബി.സി ഡോക്യുമെന്ററി: ജാമിഅ മില്ലിയയിലെ വിദ്യാർഥി നേതാക്കളെ കരുതൽ തടങ്കലിലാക്കി, സ്ഥലത്ത് വൻ പൊലീസ് നിരീക്ഷണം
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി (‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’) പ്രദർശിപ്പിക്കാൻ പദ്ധതിയിട്ട ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥി സംഘടനാ നേതാക്കൾ കരുതൽ തടങ്കലിൽ. എസ്.എഫ്.ഐയുടെ മൂന്ന് നേതാക്കളെയും എൻ.എസ്.യു.ഐയുടെ ഒരു നേതാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിന് പിന്നാലെ സർവകലാശാലയെ കനത്ത നിരീക്ഷണത്തിലാക്കി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് എസ്.എഫ്.ഐ പദ്ധതിയിട്ടിരുന്നത്.
സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കാമ്പസിൽ അനധികൃത ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോഴും സംഘർഷം ഉടലെടുത്തിരുന്നു. വൈദ്യുതി തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾ മൊബൈൽ ഫോണുകളിലും ലാപ് ടോപ്പിലുമാണ് ഡോക്യുമെന്ററി കണ്ടത്. വിദ്യാർഥികൾക്ക് നേരെ കല്ലേറും ഉണ്ടായി.