പുഴയിൽ കുളി, ഗ്രൗണ്ടുകളിൽ കളി; ബംഗാളിൽ മോശം നിരീക്ഷണവും പ്രതിരോധവുമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത് പശ്ചിമ ബംഗാളിലാണെന്ന് കുറ്റപ്പെടുത്തി കേന്ദ്രം. നിരീക്ഷണത്തിെൻറ കുറവും കാര്യക്ഷമമായ പരിശോധനയുടെ അഭാവവും ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ സർക്കാറിന് കത്തയച്ചു. ജനസംഖ്യാനുപാതം വെച്ച് നോക്കുമ്പോൾ രാജ്യത്തെ ഏറ്റവും കുറവ് കോവിഡ് 19 നിർണയ പരിശോധന നടക്കുന്നത് ബംഗാളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് ഉള്ള സംസ്ഥാനവും ബംഗാളാണെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജീവ് സിൻഹക്ക് അയച്ച കത്തിൽ പറയുന്നു.
13.2 ശതമാനമാണ് മരണനിരക്ക്. ഇത്രയും ഉയർന്ന മരണനിരക്ക് കുറഞ്ഞ പരിശോധനയുടെയും ദുർബലമായ നിരീക്ഷണത്തിെൻറയും ട്രാക്കിങിെൻറയും ഫലമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്തയിലും ജൽപൈഗുരിയിലും പരിശോധന നടത്തിയ ശേഷം കേന്ദ്ര സംഘം സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മമത ബാനർജി സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രം കത്തയച്ചത്.
ലോക്ഡൗൺ കർശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാറിനോട് നിർദേശിച്ചു. മാസ്ക് ധരിക്കാതെയും സാനിറ്റേഷൻ സൗകര്യമില്ലാതെയും ആളുകൾ കൂട്ടമായി ചന്തകളിൽ എത്തുന്നുണ്ടെന്ന് കേന്ദ്ര സംഘം കണ്ടെത്തിയിരുന്നു. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുഴകളിൽ ആളുകൾ കുളിക്കുന്നതും ഗ്രൗണ്ടുകളിൽ ഫുട്ബാളും ക്രിക്കറ്റും കളിക്കുന്നതും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയതും കത്തിലുണ്ട്.
കൊൽക്കത്തയിലും ഹൗറയിലും ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും വരെ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതടക്കം ഗുരുതര ലോക്ഡൗൺ ലംഘനങ്ങളാണ് ബംഗാളിൽ നടക്കുന്നതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.
ബംഗാളിൽ ഇതുവരെ 140 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ, ഇതിൽ 72 പേർ ഫ്ലൂവിന് സമാനമായ രോഗം ബാധിച്ചാണ് മരിച്ചതെന്നാണ് മമത സർക്കാറിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
