25 വർഷം മുമ്പ് മാംസം കഴിക്കുമായിരുന്നു, ഗംഗാ സ്നാനത്തിനു ശേഷം വെജിറ്റേറിയനായി -ഉപരാഷ്ട്രപതി
text_fieldsസി.പി. രാധാകൃഷ്ണൻ
വാരാണസി (ഉത്തർപ്രദേശ്): 25 വർഷം മുമ്പ് കാശി സന്ദർശന വേളയിൽ ഗംഗയിൽ സ്നാനംചെയ്ത ശേഷമാണ് താൻ സസ്യഭുക്കായതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. അന്നുവരെ സസ്യേതര ഭക്ഷണങ്ങളും കഴിച്ചിരുന്ന താൻ അവിടുന്നങ്ങോട്ട് ജീവിതത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും ഉപരാഷ്ട്രപതി വെള്ളിയാഴ്ച വാരാണസിയിൽ പറഞ്ഞു. കാശിയിൽ തീർഥാടനത്തിന് എത്തുന്നവർക്കായി പണികഴിപ്പിച്ച പുതിയ സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
“ധർമത്തിന് താൽക്കാലികമായി പ്രതിസന്ധി നേരിട്ടേക്കാം, എന്നാലിത് സ്ഥിരമായി നിലനിൽക്കില്ല. ഈ കെട്ടിടവും അതിന് സാക്ഷ്യം വഹിക്കും. 25 വർഷം മുമ്പ് കാശിയിലെത്തുമ്പോൾ ഞാനൊരു നോൺ വെജിറ്റേറിയനായിരുന്നു. ഗംഗയിൽ സ്നാനം ചെയ്തതോടെ എന്‍റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാകുകയും സസ്യേതര ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. 25 വർഷത്തിനിപ്പുറം കാശി വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും ശ്രമഫലമായാണ് ഇത് സാധ്യമായത്” -ഉപരാഷ്ട്രപതി പറഞ്ഞു.
സത്രം നിർമിച്ചത് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാശി നാട്ടുകോട്ടൈ നഗര സത്രം മാനേജിങ് സൊസൈറ്റിയാണ്. രാജ്യത്തിന്‍റെ വ്യത്യസ്ത മേഖലകളിൽനിന്നുള്ള ആളുകളുടെ സഹകരണത്തിന്‍റെയും വിശ്വാസത്തിന്‍റേയും പ്രതീകമാണിതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും സാംസ്കാരിക ഒരുമയുടെ പുതിയ അധ്യായമാണിത്. തമിഴ്നാട്ടിൽനിന്ന് 1863 വിശ്വാസികളാണ് സത്രത്തിന്‍റെ നിർമാണ പ്രവൃത്തികൾക്കെത്തിയത്. പത്ത് നിലയുള്ള കെട്ടിടത്തിൽ 140 മുറികളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

