ഇറാനിലേക്കുള്ള ബസ്മതി അരി കയറ്റുമതി മുടങ്ങി; അരി വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു
text_fields(AI image)
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയിൽനിന്ന് ഇറാനിലേക്കുള്ള ബസ്മതി അരി കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു. ഇറാനിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന ലക്ഷം ടൺ ബസ്മതി അരി വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണെന്ന് ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് ഗോയൽ അറിയിച്ചു. ഇന്ത്യയുടെ മൊത്തം ബസ്മതി അരി കയറ്റുമതിയുടെ 18-20 ശതമാനം ഇറാനിലേക്കാണ്. പ്രധാനമായും ഗുജറാത്തിലെ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽനിന്നുള്ള കയറ്റുമതിയാണ് നിർത്തിവെച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഇറാനിലേക്കുള്ള ചരക്കുകൾക്ക് കപ്പലുകളോ ഇൻഷുറൻസോ ലഭ്യമല്ലെന്ന് ഗോയൽ പറഞ്ഞു. കയറ്റുമതി പ്രതിസന്ധിയെത്തുടർന്ന് ആഭ്യന്തര വിപണിയിൽ ബസ്മതി അരിയുടെ വില ഇതിനകം കിലോഗ്രാമിന് 4-5 രൂപ കുറഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ജൂൺ 30ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്ന് സതീഷ് ഗോയൽ കൂട്ടിച്ചേർത്തു.
സൗദി അറേബ്യ കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ബസ്മതി അരി വിപണിയാണ് ഇറാൻ. കഴിഞ്ഞ സാമ്പത്തിക വർഷം ഇറാനിലേക്ക് 10 ലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. ഇക്കാലയളവിൽ ഇന്ത്യയുടെ മൊത്തം ബസ്മതി അരി കയറ്റുമതി 60 ലക്ഷം ടൺ ആയിരുന്നു. ഇറാഖ്, യു.എ.ഇ, അമേരിക്ക എന്നിവയും പ്രധാന വിപണികളാണ്.
അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ഇറാനിയൻ വിപണിയിൽനിന്ന് കയറ്റുമതിയുടെ പണം ലഭിക്കാൻ നേരത്തേതന്നെ കാലതാമസം നേരിടുന്നുണ്ട്. ഇതിനു പുറമേയാണ്, കപ്പൽ ഗതാഗതത്തിലെ പുതിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

