ജയന്ത് പട്ടേലിന്‍റെ സ്ഥലം മാറ്റത്തിനെതിരെ ബാർ അസോസിയേഷൻ നിയമനടപടിക്ക്
text_fieldsന്യൂഡൽഹി: ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കർണാടക ഹൈകോടതി ജഡ്ജി ജയന്ത് പട്ടേൽ ഒടുവിൽ മനസ്സു തുറന്നു. തനിക്ക് അലഹാബാദിലേക്ക് പോകാൻ താൽപര്യമില്ലാത്തതിനാലാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസായി സ്ഥനക്കയറ്റം കിട്ടാതിരുന്നത് ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിനാലാണോ എന്ന ചോദ്യത്തിന് 'പ്രതികരിക്കാൻ തയാറല്ല' എന്നായിരുന്നു ജയന്ത് പട്ടേലിന്‍റെ മറുപടി.
കർണാടക ഹൈകോടതി ചീഫ്ജസ്റ്റിസ് സുബ്റോ കമൽ മുഖർജി ഒക്ടോബറിൽ വിരമിക്കാനിരിക്കെയാണ് ഏറ്റവും മുതിർന്ന ജഡ്ജിയായ ജയന്ത് പട്ടേലിനെ അലഹബാദിലേക്ക് സ്ഥലം മാറ്റിയത്. ചീഫ്ജസ്റ്റിസായോ ആക്ടിങ് ചീഫ് ജസ്റ്റിസായോ നിയമിക്കേണ്ടതിന് പകരമാണ് അദ്ദേഹത്തെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്. വിരമിക്കാൻ വെറും പത്ത് മാസങ്ങൾ അവശേഷിക്കെയാണ് സ്ഥലംമാറ്റം.
'ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സെപ്തംബർ 22നാണ് അലഹാബാദ് കോടതിയിലേക്ക് സ്ഥലം മാറ്റത്തെക്കുറിച്ചുളള എന്‍റെ അഭിപ്രായം ആരാഞ്ഞത്. അലഹാബാദിലേക്ക് പോകാൻ എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ ഞാൻ രാജിവെച്ചു.' ജയന്ത് പറഞ്ഞു. എന്തുകൊണ്ട് അലഹാബാദിലേക്ക് പോകുന്നില്ല എന്ന ചോദ്യത്തിന് അടുത്ത പത്ത് മാസങ്ങളിൽ ബംഗളുരുവിൽ തന്നെ ഉണ്ടാകേണ്ട അത്യാവശ്യമുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.
തീരുമാനത്തിനെതിരെ ഗുജറാത്ത് ഹൈകോടതിയിൽ അഭിഭാഷകരുടെ വ്യാപക പ്രതിഷേധം ഉയർന്നു. ഗുജറാത്ത് ഹൈകോർട്ട് ബാർ അസോസിയേഷൻ പ്രതിഷേധ സൂചകമായി ഇന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. ജയന്ത് പട്ടേലിന്‍റെ സ്ഥംമാറ്റത്തിനെതിരെയും ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിന്‍റെ നടപടകളിൽ സുതാര്യത വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാർ അസോസിയേഷൻ.
ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ജയന്ത് പട്ടേലായിരുന്നു. ഏററുമുട്ടലിൽ പങ്കെടുത്ത 20 പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരൂഹതയണ്ടെന്ന പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
