സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി പരാതികൾ; ബാങ്കുകളും റെയിൽവേയും മുന്നിൽ, 2025ൽ ലഭിച്ചത് 70584 പരാതികൾ
text_fieldsന്യൂഡൽഹി: 2025ൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 70,000ത്തിൽ അധികം അഴിമതി പരാതികൾ ലഭിച്ചതായി സെൻട്രൽ വിജിലൻസ് കമീഷൻ. ബാങ്കുകൾക്കും റെയിൽവേക്കുമെതിരെയാണ് അഴിമതി പരാതികൾ ഏറ്റവും കൂടുതൽ ലഭിച്ചത്.
2025ൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കെതിരെ 70584 അഴിമതി പരാതികൾ ചീഫ് വിജിലൻസ് ഓഫീസർമാർക്ക് ലഭിച്ചു. ഇതിൽ 64905 പരാതികൾ ഡിസംബർ 31നകം തീർപ്പാക്കിയതായും സെൻട്രൽ വിജിലൻസ് കമീഷന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
വർഷാവസാനത്തിൽ 5679 പരാതികൾ തീർപ്പാക്കാനുണ്ടായിരുന്നു. ഇതിൽ 2002 പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടക്കുകയായിരുന്നു. സി.വി.ഒമാർ സാധാരണയായി പരാതികളിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കേണ്ടതാണെന്നും തീർപ്പാക്കാത്ത കേസുകളുടെ പുരോഗതി കമീഷൻ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2025ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ലഭിച്ചത് ബാങ്കുകൾക്കെതിരെയാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് 9933 പരാതികൾ ലഭിച്ചു. ഇതിൽ 9520 എണ്ണം തീർപ്പാക്കി. 413 പരാതികൾ വർഷാവസാനത്തിൽ ബാക്കിയുണ്ടായിരുന്നു. ഇതിൽ 52 പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യൻ റെയിൽവേയാണ് രണ്ടാമത്. റെയിൽവേ ജീവനക്കാരുമായി ബന്ധപ്പെട്ട് 9381 പരാതികൾ ലഭിച്ചു. 8754 പരാതികൾ തീർപ്പാക്കി. 627 എണ്ണം തീർപ്പാക്കാനുണ്ടായിരുന്നു. മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടന്നത് 10 പരാതികളാണ്.
ഭവന, നഗരകാര്യ മേഖലയുമായി ബന്ധപ്പെട്ട് 6531 പരാതികളാണ് ലഭിച്ചത്. 4,834 പരാതികൾ ഡൽഹി സർക്കാർ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെയായിരുന്നു. ഡൽഹി ജൽ ബോർഡ്, ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ, ഡൽഹി ട്രാൻസ്‌കോ, ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്റേഷൻ, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ്, ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപറേഷൻ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു.
കൽക്കരി മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് 4118 പരാതികൾ ലഭിച്ചു. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട് 3107 പരാതികളും ഡൽഹി സർക്കാരിനെതിരെ 2804 പരാതികളും പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് 2722 പരാതികളും ലഭിച്ചു. ഡൽഹി പൊലീസിനെതിരെ 2633 പരാതികൾ ലഭിച്ചപ്പോൾ റോഡ് ഗതാഗത, ഹൈവേ മേഖലയുമായി ബന്ധപ്പെട്ട് 2139 പരാതികളും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് 2036 പരാതികളും ലഭിച്ചു.
മാനവ വിഭവശേഷി വികസനവുമായി ബന്ധപ്പെട്ട് 2030 പരാതികളും തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് 1894 പരാതികളും ഇൻഷുറൻസ് കമ്പനികൾക്കെതിരെ 1536 പരാതികളും ടെലികോം മേഖലയുമായി ബന്ധപ്പെട്ട് 1469 പരാതികളും ലഭിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് 1410 പരാതികളും ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട് 1123 പരാതികളും സ്റ്റീൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് 1023 പരാതികളും തപാൽ വകുപ്പിനെതിരെ 1003 പരാതികളും ലഭിച്ചു.
2025ൽ സെൻട്രൽ വിജിലൻസ് കമീഷൻ വിവിധ സ്ഥാപനങ്ങളിലെ സി.വി.ഒമാർക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയത് 18651 പരാതികളാണ്. ഇതിൽ ഏറ്റവും കൂടുതൽ, 4,110 പരാതികൾ, ജി.എൻ.സി.ടി.ഡി (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി) ഒഴികെയുള്ള പ്രാദേശിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു.
ബാങ്കുകളുമായി ബന്ധപ്പെട്ട 1749 പരാതികളും, റെയിൽവേയുമായി ബന്ധപ്പെട്ട 1428 പരാതികളും പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട 1318 പരാതികളും ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട 1307 പരാതികളും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട 1,016 പരാതികളും കമീഷൻ സി.വി.ഒമാർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

