ബങ്കിപ്പൂരിലെ ബി.ജെ.പി തോൽവി; രാഷ്ട്രീയ സാഹചര്യം നേരിട്ട് വിലയിരുത്തി മോദി, നിതീഷ് കുമാറും നിതിൻ നബിനുമായി കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ബീഹാറിലെ ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ബി.ജെ.പി കോട്ട പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തോൽവിയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥി പ്രക്ഷോഭവും തിരിച്ചടിയായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥി - യുവജന പ്രതിഷേധങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. എൻ.ഡി.എയുടെ പ്രതിവാര യോഗത്തിൽ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മോദി നേരിട്ട് രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയായിരുന്നു. അതിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയതും. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രാമക്ഷേത്ര കൊള്ള അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ബി.ജെ.പിക്കുള്ളില്‍ ഉയരുന്നത്.
ചൊവ്വാഴ്ച നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിയും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായെന്നാണ് സൂചന. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.
അതേസമയം, മോദിയും നിതിന്‍ നബിനും തമ്മിലുള്ള സംഭാഷണം എൻ.ഡി.എ വൃത്തങ്ങളില്‍ ചര്‍ച്ചക്ക് വഴിയൊരുക്കി. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇരുവരും നടത്തിയതെന്നാണ് വിവരം. നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന ബങ്കിപൂർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ വിജയച്ചത്. ബി.ജെ.പിയുടെ നീരജ് കുമാര്‍ സിന്‍ഹയെ 18,953 വോട്ടുകള്‍ക്ക് പിന്നിലാക്കിയായിരുന്നു പ്രശാന്ത് കിഷോറിന്റെ വിജയം. ആര്‍.ജെ.ഡിയുടെ രേഖ ഗുപ്തയാണ് മൂന്നാം സ്ഥാനത്ത്. 30 വർഷമായി ബി.ജെ.പി പരാജയമറിയാത്ത മണ്ഡലമായിരുന്നു ബങ്കിപ്പൂര്‍.
ബി.ജെ.പി സ്ഥാനാർഥിയായി നിര്‍ദേശിച്ച അഭിഷേക് കുമാര്‍ നാമനിര്‍ദേശം സമര്‍പ്പിച്ചതിന് അടുത്ത ദിവസം മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് നീരജ് കുമാര്‍ സിന്‍ഹയെ സ്ഥാനാർഥിയാക്കിയത്. മണ്ഡലത്തിലെ തോൽവി രാഷ്ട്രീയമായി വലിയ തിരിച്ചടിയായാണ് ബി.ജെ.പി വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

