ജീവനക്കാരന്റെ ഇ മെയിൽ ഹാക്ക് ചെയ്ത് ചില വിവരങ്ങൾ ചോർത്തി; കോർ ബാങ്കിങ് സംവിധാനം സുരക്ഷിതമെന്ന് ബാങ്ക് ഓഫ് ബറോഡ
text_fieldsന്യൂഡൽഹി: ബാങ്കിന്റെ ഉപഭോക്തൃ വിവരങ്ങൾ ഹാക്ക് ചെയ്തുവെന്ന ആരോപണത്തിൽ വിശദീകരണവുമായി ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കളുടെ ഇടപാടുകൾ നിയന്ത്രിക്കുന്ന കോർ ബാങ്കിങ് സിസ്റ്റം ഹാക്കർമാർക്ക് ലഭ്യമായിട്ടില്ലെന്നും അവ പൂർണമായും സുരക്ഷിതമാണെന്നും ഒരു ജീവനക്കാരന്റെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്താണ് ബാങ്കിന്റെ ചില വിവരങ്ങൾ ചോർത്തിയതെന്നും ബാങ്ക് അറിയിച്ചു. തിങ്കളാഴ്ച ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് വിശദീകരണം.
ബാങ്കുമായി ബന്ധപ്പെട്ട ഏകദേശം ഒരു ടെറാബൈറ്റ് (ടി.ബി) വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ഒരു ഹാക്കർ അവകാശപ്പെട്ടിരുന്നു. ഉപഭോക്തൃ വിവരങ്ങൾ, ബാങ്കിന്റെ ആഭ്യന്തര രേഖകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, വായ്പാ സംബന്ധമായ രേഖകൾ, മറ്റ് നിർണായക വിവരങ്ങൾ എന്നിവ ഇതിലുണ്ടെന്നായിരുന്നു പ്രചാരണം.
ഒരു ജീവനക്കാരന്റെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് ചില വിവരങ്ങളിലേക്ക് കടന്നുകയറാൻ കാരണം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നിയന്ത്രണ നടപടികൾ സ്വീകരിച്ചെന്നും കൂടുതൽ വിവരങ്ങൾ പുറത്തേക്ക് പോകാതിരിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയതായും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ബാങ്കിന്റെ സേവനങ്ങളോ ഇടപാടുകളോ തടസ്സപ്പെട്ടിട്ടില്ലെന്നും ബാങ്ക് കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി സമഗ്രമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും നിയന്ത്രണ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.
ഇ മെയിൽ അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യപ്പെട്ടു, ഏതൊക്കെ വിവരങ്ങളാണ് യഥാർഥത്തിൽ ചോർന്നത്, എത്ര ഉപഭോക്താക്കളെ ഇത് ബാധിച്ചേക്കാം തുടങ്ങിയ കാര്യങ്ങളിൽ ബാങ്ക് ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്നും ബാങ്ക് അറിയിച്ചു. ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ട വിവരങ്ങളിൽ ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകൾ, അക്കൗണ്ട് വിവരങ്ങൾ, വായ്പാ രേഖകൾ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് രേഖകൾ എന്നിവ ഉൾപ്പെട്ടിരിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
