ബംഗളൂരു: നഗരത്തിലെ ഫ്ലാറ്റിൽനിന്ന് വോട്ടർ തിരിച്ചറിയൽ കാർഡുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ചിന്ന തമ്പി, ചിന്ന ദുരൈ, ശരവണ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് രാജരാജേശ്വരി നഗർ (ആർ.ആർ. നഗർ) മണ്ഡലത്തിലെ വോട്ടെടുപ്പ് 28 ലേക്ക് മാറ്റിയിരുന്നു. രാജരാജേശ്വരി നഗറിലെ സിറ്റിങ് എം.എൽ.എയും കോൺഗ്രസ് സ്ഥാനാർഥിയുമായ മുനിരത്ന നായിഡു, ഫ്ലാറ്റ് ഉടമയും ബി.ജെ.പി മുൻ കോർപറേറ്ററുമായ മഞ്ജുള നഞ്ചമുറി എന്നിവർക്കും മറ്റു 14 പേർക്കെതിരെയുമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് രാജരാജേശ്വരി നഗറിലെ ജാലഹള്ളിയിലുള്ള എസ്.എൽ.വി പാർക്ക് വ്യൂ അപ്പാർട്ട്മെൻറിലെ 115ാം നമ്പർ മുറിയിൽനിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് 9746 തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തത്. ഫ്ലാറ്റിൽനിന്നും മുനിരത്നയുടെ ചിത്രം പതിച്ച വെള്ളക്കുപ്പികൾ കണ്ടെത്തിയതിനാലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകരെ മർദിച്ച കോൺഗ്രസകാർക്കെതിരെ എൻ. രാകേഷ് നൽകിയ പരാതിയിലും മുനിരത്നക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. സംഭവത്തിന് പിന്നിൽ ബി.ജെ.പിയുെട ഗൂഢാലോചനയാണെന്നാണ് കോൺഗ്രസ് ആരോപണം.