
ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 35കാരനെ സിംഹം കടിച്ചുകൊന്നു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 35കാരനെ സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ തലാല താലൂക്കിലാണ് സംഭവം.
വള വിൽപ്പനക്കാരനായ ബഹദൂർഭായ് ജീവാഭായ് ആണ് കൊല്ലപ്പെട്ടത്. മാധവ്പുർ ഗ്രാമത്തിൽ കുടിലിലാണ് ജീവാഭായ്യുടെ താമസം. ശനിയാഴ്ച രാത്രി ഒരുമണിയോടെ കുടിലിന് പുറത്തെത്തിയ സിംഹം പുറത്ത് കെട്ടിയിട്ടിരുന്ന ആടിനെ ആക്രമിക്കുകയായിരുന്നു. പുറത്ത് കിടന്നുറങ്ങുകയായിരുന്ന ജീവാഭായ് ആടിനെ സിംഹം ആക്രമിക്കുന്നത് കാണുകയുമായിരുന്നു. ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവഭായ്ക്ക് നേരെ സിംഹം തിരിയുകയും കൊലപ്പെടുത്തുകയും ചെയ്തു.
സിംഹത്തിന്റെ ആക്രമണത്തിൽ ആട് ചത്തിരുന്നു. കുടിലിന് സമീപത്തെ മാമ്പഴത്തോട്ടത്തിൽനിന്ന് ജീവാഭായ്യുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിന് ശേഷം ഗ്രാമത്തിലിറങ്ങിയ സിംഹത്തെ വനംവകുപ്പ് പിടികൂടി.
നേരത്തേയും പ്രദേശത്ത് സിംഹത്തിന്റെ ആക്രമണമുണ്ടാകുകയും നിരവധിപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.
