മദ്രസാ പീഡനം എന്ന പേരിൽ പ്രചരിപ്പിക്കുന്നത് ഷോർട് ഫിലിം ദൃശ്യങ്ങൾ
text_fieldsഇന്ത്യയിലെ മദ്രസയിൽ നടക്കുന്ന പീഡനം എന്ന പേരിൽ ഹിന്ദുത്വ തീവ്രവാദ സംഘങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഹ്രസ്വ ചിത്രത്തിലെ ഭാഗങ്ങളാണെന്ന് കണ്ടെത്തി. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' ആണ് പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയത്. മദ്രസകളിലേത് എന്ന വ്യാജേന പ്രചരിപ്പിച്ചത് ബംഗ്ലാദേശിൽനിന്നുള്ള ഷോർട് ഫിലിമിൽ നിന്നുള്ള ഭാഗങ്ങളാണ്.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി തോന്നിക്കുന്ന പുരുഷന്റെ ഫോട്ടോകൾ സംഭവം നടന്നത് മദ്രസയിലാണെന്ന അവകാശവാദത്തോടെയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഹിന്ദി അടിക്കുറിപ്പ് വീഡിയോ ഇന്ത്യയിൽ നിന്നുള്ളതാണെന്ന് അനുമാനിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ മദ്രസകൾ അടച്ചുപൂട്ടണം എന്ന തരത്തിലുള്ള മുറവിളികൾ വിവിധ ഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. 2020 സെപ്തംബർ 21ന് ബംഗ്ലാദേശിൽനിന്നും യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത പത്ത് മിനുട്ട് ദൈർഘ്യമുള്ളതാണ് ഷോർട് ഫിലിം. ഇതിനകം ചിത്രം രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.