ഓപറേഷൻ കാലനേമി: ഉത്തരാഖണ്ഡിൽ 14 വ്യാജ സന്യാസിമാർ അറസ്റ്റിൽ; പിടിയിലായവരിൽ ബംഗ്ലാദേശി പൗരന്മാരും
text_fieldsഡെറാഡൂൺ: വ്യാജ സന്യാസിമാരെ പിടികൂടാൻ ഉത്തരാഖണ്ഡ് സർക്കാർ ആരംഭിച്ച ഓപറേഷൻ കാലനേമിയിൽ ബംഗ്ലാദേശി പൗരൻന്മാർ ഉൾപ്പെടെ 14 വ്യാജ സന്യാസിമാർ അറസ്റ്റിൽ. ഓപറേഷൻ കാലനേമിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 5500ലധികം പേരെ ചോദ്യം ചെയ്തതായും 1182 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും എസ്.പി. നിലേഷ് ആനന്ദ് ഭരണെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓപറേഷൻ കാലനേമി വഴി അറസ്റ്റിലായ അമിത് കുമാർ ബംഗ്ലാദേശി പൗരനാണ്. ഇയാൾ സെലാഖിയിൽ കഴിഞ്ഞ എട്ട് വർഷമായി ബംഗാളി ഡോക്ടറായി വ്യാജരേഖയിൽ താമസിച്ചു വരികയായിരുന്നു. കശ്മീരിലെ അനന്ത്നാഗിൽ താമസിച്ചിരുന്ന ഇഫ്രാസ് അഹമദ് ലോലു മതം മറച്ചുവച്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും ഡൽഹിയിലെ രാജ് അഹൂജ എന്ന സമ്പന്നനായി വേഷം മാറുകയും ചെയ്തതിനാണ് അറസ്റ്റിലായത്.
ജൂലൈയിലാണ് ഉത്തരാഖണ്ഡ് പൊലീസ് ഓപറേഷൻ കാലനേമി ആരംഭിക്കുന്നത്. ആഗസ്റ്റിൽ 300 പേരെ അറസ്റ്റ് ചെയ്യുകയും 4000ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഓപറേഷൻ കാലനേമി വിജയമാണെന്നും വ്യാജന്മാരാണെന്ന് ആരോപണം ഉയർന്ന നിരവധി പേരെ ചോദ്യംചെയ്തെന്നും എസ്.പി. പറഞ്ഞു.
ഹരിദ്വാറിൽ 2704 പേരെ ചോദ്യം ചെയ്യുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡെറാഡൂണിൽ 922 പേരെ ചോദ്യം ചെയ്തതിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തെഹ് രി, പൗരി, അൽമോറ, നൈനിറ്റാൽ തുടങ്ങിയ ജില്ലകളിലേക്കും ഓപറേഷൻ വ്യാപിച്ചു. ദേവഭൂമിയുടെ വിശുദ്ധത നിലനിർത്തുകയാണ് കാമ്പയിന്‍റെ ലക്ഷ്യമെന്നും എസ്.പി വ്യക്തമാക്കി.
രാമായണത്തിൽ രാവണന്‍റെ അമ്മാവനായ മാരിചന്‍റെ പുത്രനായ കാലനേമിയുടെ പേരിലാണ് ഓപറേഷൻ കാലനേമി അറിയപ്പെടുന്നത്. ഹനുമാൻ മൃതസഞ്ജീവനി വാങ്ങുന്നത് തടയാൻ ശ്രമിക്കുന്ന സാധുവായിട്ടും മഹാഭാരതത്തിൽ ശ്രീകൃഷ്ണന്‍റെ അമ്മാവനായ കംസനായും രാമായണത്തിലും മഹാഭാരതത്തിലും കാലനേമിയെ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

