ഗുരുഗ്രാമിൽ സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണിസന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബംഗ്ലാദേശ് സ്വദേശി സൗരഭ് വിശ്വാസിനെയാണ്(30) പോലിസ് അറസ്റ്റ് ചെയ്തത്.
ജനുവരി 28-നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ വിവിധ സ്കൂളുകൾക്ക് വ്യാജബോംബ് ഭീഷണിയടങ്ങിയ ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. ഉടന്‍ പോലിസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഫയർഫോഴ്സ് സംഘങ്ങൾ സ്കൂളുകളിൽ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് സൈബർ സൗത്ത് ഗുരുഗ്രാം പോലീസിന്‍റെ അന്വേഷണത്തിൽ ഗുജറാത്തിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഒമ്പത് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത‍്യയിലേക്ക് കുടിയേറിയ സൗരഭ് പശ്ചിമ ബംഗാളിലാണ് താമസിച്ചിരുന്നത്. ഒരു കാർ നിർമ്മാണ കമ്പനിയിൽ തൊഴിലാളിയായി ജോലി നോക്കിയശേഷം ഡിജിറ്റൽ മാർക്കറ്റിംഗിലും ഗ്രാഫിക്സിലും വൈദഗ്ധ്യം നേടിയ ഇയാൾ അഞ്ച് വർഷമായി ഈ മേഖലയിൽ ഫ്രീലാൻസറായി ജോലി ചെയ്തു വരികയായിരുന്നു.
ഇതിനിടയിൽ മാമുനൂർ റഷീദ് എന്ന ബംഗ്ലാദേശ് സ്വദേശിയെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പരിചയപ്പെടുകയും ക്രിപ്റ്റോകറൻസി രൂപത്തിൽ പണം വാഗ്ദാനം ചെയ്ത് ഏകദേശം 300 ജി-മെയിൽ ഐഡികൾ റഷീദിന് നൽകുയും ചെയ്തു. ഇതിന് പകരമായി 250 യു.എസ് ഡോളർ ഇയാൾക്ക് ലഭിച്ചു.
സൗരഭ് കൈമാറിയ ജി-മെയിൽ ഐഡികളിൽ ഒന്ന് ഉപയോഗിച്ചാണ് സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

