Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശിൽ വൈദ്യുതി...

ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; സഹായത്തിനായി ഇന്ത്യയെ സമീപിച്ച് സർക്കാർ

text_fields
bookmark_border
ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി  രൂക്ഷം; സഹായത്തിനായി ഇന്ത്യയെ സമീപിച്ച് സർക്കാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

ധാക്ക: ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.രാജ്യത്തിന്റെ പല ഭാഗങ്ങളിലും എട്ട് മുതൽ പത്ത് മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണുളളത്. വൈദ്യുതി ക്ഷാമം നേരിടാൻ കടകളും ഷോപ്പിങ് മാളുകളും വിപണികളും രാത്രി എട്ട് മണിക്ക് അടക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ അധിക ഡീസൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയെ സമീപിച്ചു.

ധാക്കയുടെ ഗ്രാമപ്രദേശങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. കടുത്ത ചൂടും ഉഷ്ണതരംഗവും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്. രാജ്യത്തെ വൈദ്യുതി ആവശ്യകത ഏകദേശം 18,000 മെഗാവാട്ട് ആണെങ്കിലും വിതരണം 13,000 മെഗാവാട്ടിൽ എത്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ദിവസങ്ങളായി തുടരുന്ന ലോഡ് ഷെഡിങ്ങിൽ പ്രതിഷേധിച്ച് ചിലയിടങ്ങളിൽ ജനങ്ങൾ വൈദ്യുതി സംവിധാനങ്ങൾക്കുനേരെ ആക്രമണവും തീവെപ്പും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ മാസം അമേരിക്കൻ കമ്പനിയായ എക്സലറേറ്റ് എനർജിയുടെ ഉടമസ്ഥതയിലുള്ള ഒരു എൽ.എൻ.ജി ടെർമിനലിലുണ്ടായ തീപിടിത്തമാണ് ബംഗ്ലാദേശിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്. സംഭവത്തെ തുടർന്ന് ടെർമിനൽ അടച്ചുപൂട്ടി. ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും എൽ.എൻ.ജി വിതരണം പകുതിയായി കുറഞ്ഞു.

മോശം കാലാവസ്ഥയെ തുടർന്ന് എൽ.എൻ.ജി കപ്പലുകൾക്ക് ടെർമിനലുകളിൽ ചരക്ക് ഇറക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞതോടെ രാജ്യത്ത് വൈദ്യുതി മുടക്കം വർധിച്ചു. ഇതുവഴി വൈദ്യുതി ഉൽപാദനത്തെ വാതകക്ഷാമം ഗുരുതരമായി ബാധിച്ചു. രാജ്യത്തെ വൈദ്യുതി മേഖലക്ക് പ്രതിദിനം 100 കോടി ഘനയടിയിലധികം വാതകം ആവശ്യമാണെങ്കിലും നിലവിൽ ഏകദേശം 70 കോടി ഘനയടി മാത്രമാണ് ലഭിക്കുന്നത്.

നീണ്ടുനിൽക്കുന്ന വൈദ്യുതി മുടക്കം കൃഷി, റസ്റ്ററന്റ് മേഖല, വ്യവസായ ഉൽപാദനം എന്നിവയെയും ബാധിച്ചു. ചെമ്മീൻ കർഷകരെയാണ് വൈദ്യുതി പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത്. വൈദ്യുതി മുടക്കം കുളങ്ങളിലെ ഓക്സിജൻ കുറയുകയും ചെമ്മീനുകൾ ചാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ചെമ്മീൻ കയറ്റുമതിക്കാരാണ്.

എല്ലാ ഷോപ്പിങ് മാളുകളും വിപണികളും കടകളും രാത്രി 8 മണിക്ക് അടക്കണം.മേളകളും സാംസ്കാരിക പരിപാടികളും രാത്രി എട്ട് മണിക്ക് അവസാനിപ്പിക്കണം. അലങ്കാര വിളക്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രികൾക്കും ഫാർമസികൾക്കും ഈ നിയന്ത്രണങ്ങളിൽ മാത്രം ഇളവുണ്ട്.

സഹായത്തിനായി ഇന്ത്യയെ സമീപിച്ച് ബംഗ്ലാദേശ്

പ്രതിസന്ധി മറികടക്കാൻ അധിക ഡീസൽ വിതരണം ചെയ്യണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായി ബംഗ്ലാദേശ് ഊർജമന്ത്രി ഇക്ബാൽ ഹസൻ മഹ്മൂദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം അറിയിച്ചത്. ഇന്ത്യയുമായി ഡീസൽ വിതരണം ചെയ്യുന്നതിനുള്ള പൈപ്പ്‌ലൈൻ ഉണ്ടെന്നും അതുവഴി കൂടുതൽ ഡീസൽ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2017ൽ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രവർത്തനം ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ ബംഗ്ലാദേശിന്റെ ഊർജസുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 15 വർഷത്തെ കരാർ പ്രകാരം ഇന്ത്യ പ്രതിവർഷം 1.8 ലക്ഷം മെട്രിക് ടൺ ഡീസൽ ബംഗ്ലാദേശിന് നൽകേണ്ടതുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനിടെ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇന്ത്യ ഇതിനകം 30,000 ടണ്ണിലധികം ഡീസൽ ബംഗ്ലാദേശിന് നൽകിയിരുന്നു.

അതേസമയം, ഇന്ത്യയിൽ ഷെയ്ഖ് ഹസീനക്ക് അഭയം നൽകിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ ഹസീന നടത്തിയ വെർച്വൽ പ്രസംഗവും ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshIndian High CommissionerIndia HelpPower Crisis
News Summary - Power Crisis Deepens in Bangladesh; Govt Approaches India for Assistance
Next Story