ചിറകിൽ വൈക്കോൽ കുടുങ്ങി; ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ തടഞ്ഞിട്ടു
text_fieldsഡൽഹി: വിമാനത്തിന്റെ ഒരു ചിറകിൽ വൈക്കോൽ കുടുങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് ബാങ്കോക്കിലേക്ക് പോകാനിരുന്ന എയർ ഇന്ത്യ വിമാനം അഞ്ചു മണിക്കൂറിലധികം മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി എയർലൈൻ അറിയിച്ചു. ഇത് ഉടൻ തന്നെ പരിഹരിക്കുകയും പിന്നീട് വിമാനം പ്രവർത്തനക്ഷമമാക്കാൻ അനുമതി നൽകുകയും ചെയ്തുവെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയർലൈൻ വിമാനം ബുധാനാഴ്ച രാവിലെ 7.45 ന് മുംബൈയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, അഞ്ച് മണിക്കൂറിലധികം വൈകി ഉച്ചക്ക് ഒരു മണിയോടെയാണ് അത് പറന്നുയർന്നത്.
ഇതിനിടയിൽ യാത്രക്കാരെ ഇറക്കി അവർക്ക് ലഘുഭക്ഷണം നൽകുകയുണ്ടായി. വൈക്കോൽ ഉടനടി നീക്കുകയും വിമാനം പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. എന്നാൽ, വിമാന ജീവനക്കാർ റെഗുലേറ്ററി ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയിൽ വരുന്നതിനാൽ ഉടൻ പുറപ്പെടാൻ കഴിഞ്ഞില്ലെന്നും എയർലൈൻ പറഞ്ഞു.
വൈക്കോലിന്റെ ഉറവിടം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മുംബൈ വിമാനത്താവളത്തിലെ വിമാനം കൈകാര്യം ചെയ്യുന്ന സേവന ദാതാവിനോട് ഇക്കാര്യം അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇത് സുരക്ഷാ റെഗുലേറ്റർക്ക് കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടം നടന്നതിനെ തുടർന്ന് നടത്തിയ പ്രധാന വിമാനത്താവളങ്ങളിലെ നിരീക്ഷണത്തിനിടെ എയർലൈനുകൾ, വിമാനത്താവളങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം നിയമലംഘനങ്ങളും ആവർത്തിച്ചുള്ള തകരാറുകളും ഡി.ജി.സി.എ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

