ബംഗളൂരുവിലെ മലയാളി സംഘടനകൾക്ക് കീഴിലെ പള്ളികൾ തുറക്കുന്നത് നീട്ടി
text_fieldsബംഗളൂരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകൾക്ക് കീഴിലുള്ള പള്ളികൾ തുറക്കുന്നത് നീട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ് പള്ളികൾ തുറക്കാനാണ് വിവിധ മഹല്ല് കമ്മിറ്റികളുടെ തീരുമാനം. നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികൾ തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ മലബാർ മുസ് ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ് വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി ചർച്ചകൾ നടത്തിയാണ് തീരുമാനമെടുത്തത്.
പള്ളികൾ തുറക്കുകയും വിശ്വാസികൾ വരുകയും ചെയ്യുമ്പോൾ നിബന്ധനകൾ പാലിക്കപ്പെടാൻ കഴിയാത്തതുമൂലം കോവിഡ് വ്യാപനം ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കാൻ രണ്ടാഴ്ച്ച കൂടി പള്ളികൾ അടച്ചിടുന്നതാണ് അഭികാമ്യമെന്ന് മഹല്ല് കമ്മിറ്റികൾ അഭിപ്രായപ്പെട്ടു. മലബാർ മുസ് ലിം അസോസിയേഷനു കീഴിലെ ഡബിൾ റോഡ് ശാഫി മസ്ജിദ്, ആസാദ് നഗർ മസ്ജിദ് നമിറ, തിലക് നഗർ യാസീൻ മസ്ജിദ് കൂടാതെ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, ബി.ടി.എം, നീലസാന്ദ്ര, എച്ച്.എ.എൽ, ആർ.സി.പുരം, ടാണറി റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ശാഫി മസ്ജിദുകളും രണ്ടാഴ്ച്ചത്തേക്ക് തുറക്കില്ല.
ഹിറാ ഫൗണ്ടേഷന് കീഴിലെ പള്ളികൾ തുറക്കില്ലെന്ന് ഹിറാ ഫൗണ്ടേഷനും എസ്.എം.എക്ക് കീഴിലെ പള്ളികൾ തുറക്കില്ലെന്ന് എസ്.എം.എ ഭാരവാഹികളും അറിയിച്ചു. മറ്റു ചില പള്ളി കമ്മിറ്റികളും ഈ തീരുമാനത്തോട് യോജിച്ച് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മലബാർ മുസ് ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.