ബംഗളൂരു മയക്കുമരുന്ന് കേസ്: പ്രതിപ്പട്ടികയിൽ ബിനീഷില്ല
text_fieldsഫയൽ ചിത്രം
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായുള്ള ബന്ധത്തിെൻറ പേരിൽ എൻ.സി.ബി ചോദ്യം ചെയ്ത് വിട്ടയച്ച ബിനീഷ് കോടിയേരിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെയാണ് കുറ്റപത്രം. മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടിെൻറ പേരിൽ ഇ.ഡി കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കടത്തു കേസിൽ എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു.
എന്നാൽ, ബിനീഷിനെതിരായ അന്വേഷണം പൂർത്തിയായതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരികെ വിട്ടുനൽകിയതായും ബംഗളൂരുവിലെ 33ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലിൽ റിമാൻഡിലാണ്. ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി അനിഘ ദിനേശ് (24), എറണാകുളം വെണ്ണല ൈതക്കാവ് റോഡ് ആര്യാട്ട് ഹൗസിൽ മുഹമ്മദ് അനൂപ് (38), തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് പവിത്രം വീട്ടിൽ റിജേഷ് രവീന്ദ്രൻ (37) എന്നിവർ ഒന്നുമുതൽ മൂന്നുവരെ പ്രതികളാണ്.
പത്താം പ്രതി കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈൽ പിലാത്തോട്ടം കോടിയിൽ ഹൗസിൽ കെ. ജിംറീസ് ഒളിവിലാണ്. മൈസൂരു സ്വദേശിനി ദീക്ഷിത ബൊപ്പണ്ണ (26), ബംഗളൂരു സ്വദേശികളായ ആദം പാഷ (37), സുഹാസ് കൃഷ്ണഗൗഡ (32), ചേതൻ ബംബോൽകർ (42), ജയേഷ് ചന്ദ്ര (49), ജെറാൾഡ് പ്രവീൺകുമാർ (28) എന്നിവരാണ് മറ്റു പ്രതികൾ. ഒളിവിൽ കഴിയുന്ന കണ്ണൂർ സ്വദേശി ജിംറീസ് അന്തർസംസ്ഥാന മയക്കുമരുന്ന് ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് എൻ.സി.ബി കുറ്റപത്രത്തിൽ പറയുന്നു. മുഹമ്മദ് അനൂപിനെ ഒന്നാം പ്രതി അനിഘ ദിനേശുമായി ബന്ധപ്പെടുത്തിയത് ജിംറീസ് ആണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ജിംറീസ് അനിഘയുമായി 476 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപ് പിടിയിലാവുന്നതിന് തൊട്ടുമുമ്പ് ജിംറീസുമായി 54 തവണയും ഫോൺ സംഭാഷണം നടത്തി. മൂവരും തമ്മിലെ വാട്ട്സ്ആപ് ചാറ്റിെൻറയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും എൻ.സി.ബി ശേഖരിച്ചിട്ടുണ്ട്.
ജാമ്യ ഹരജി വീണ്ടും തള്ളി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷൻസ് കോടതി വീണ്ടും തള്ളി. കേസിൽ അന്വേഷണം പൂർത്തിയാവാനുണ്ടെന്ന ഇ.ഡി വാദം പരിഗണിച്ചാണ് കേസിൽ നാലാം പ്രതിയായ ബിനീഷിെൻറ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യാൻ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് െചയ്യുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ 5.17 കോടി രൂപയുടെ ഇടപാട് ബിനീഷ് നടത്തിയതായും ഇവയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗതിയിലാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചേക്കും.

