ബംഗളൂരു കഫേ സ്ഫോടനം; കലബുറഗിയിലും എൻ.ഐ.എ റെയ്ഡ്
text_fieldsഎൻ.ഐ.എ പുറത്തുവിട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ചിത്രങ്ങൾ
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ബെള്ളാരിയിൽനിന്ന് ബസിൽ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയിൽ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി കലബുറഗി റെയിൽവേ സ്റ്റേഷനിലെയും സെൻട്രൽ ബസ് സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്.
പ്രതിയുടെ പുതിയ ചിത്രങ്ങൾകൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന ദിവസം രാത്രി ഒമ്പതോടെ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അടച്ചിട്ട കഫേ തുറന്നു
ബംഗളൂരു: സ്ഫോടനത്തെത്തുടർന്ന് അടച്ചിട്ട വൈറ്റ് ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേ വീണ്ടും തുറന്നു. മാർച്ച് ഒന്നിന് ഉച്ചക്ക് 12.55 നായിരുന്നു കഫേയിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റിരുന്നു. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്ത കേസിൽ മുഖ്യപ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല.
കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കണമെന്ന് സർക്കാറും പൊലീസും നിർദേശം നൽകിയതായി കഫേ ഉടമ രാഘവേന്ദ്ര റാവു അറിയിച്ചു. കഫേക്കുചുറ്റും നിരീക്ഷണം നടത്താൻ ഗാർഡുകളെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട വീണ്ടും തുറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര എന്നിവരെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. ബി.ജെ.പി എം.എൽ.എ മഞ്ജുള ലിംബാവലി, എം.പി പി.സി. മോഹൻ എന്നിവർ പങ്കെടുത്തു.
തീരങ്ങളിൽ ജാഗ്രത
മംഗളൂരു: ബംഗളൂരുവിൽ കഴിഞ്ഞ വാരമുണ്ടായ സ്ഫോടനം അന്വേഷിക്കുന്ന എൻ.ഐ.എ ജനങ്ങൾക്കും അധികൃതർക്കും ജാഗ്രത നിർദേശം നൽകി. ഇതേത്തുടർന്ന് കോസ്റ്റ് ഗാർഡ് ദക്ഷിണ കന്നഡ, ഉഡുപ്പി തീരങ്ങളിൽ മുഴുസമയ നിരീക്ഷണം ആരംഭിച്ചു.
മുംബൈ ആക്രമണം ഉൾപ്പെടെ പല സംഭവങ്ങളിലും ജലമാർഗമാണ് അക്രമികൾ എത്തിയത് എന്നതിനാൽ തീരങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു.
അപരിചിതർ, അസാധാരണ വസ്തുക്കൾ, പതിവില്ലാത്ത ബോട്ടുകൾ, തോണികൾ തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ അധികൃതർക്ക് വിവരം നൽകണമെന്ന് ജനങ്ങളോട്, വിശിഷ്യാ മത്സ്യത്തൊഴിലാളികളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

